ക്രിക്കറ്റ് മാച്ചിനിടയ്ക്ക് പിച്ചിലേക്ക് ട്രാക്ടര്‍ കയറ്റി ഉഴുതുമറിച്ച് യുവാവ്. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് പിച്ച് ഉഴുതിമറിച്ചതിന് പിന്നാലെ മത്സരം ഉപേക്ഷിച്ചത്. ഏപ്രിൽ 17-ന് നടന്ന ജൽഗാവ് റൂറൽ എംഎൽഎ കപ്പിന്റെ ഫൈനൽ മത്സരത്തിനിടെയാണ് ഈ സംഭവം ഉണ്ടായത്.
മത്സരം നടന്നുകൊണ്ടിരിക്കെ ഒരാൾ ട്രാക്ടറുമായി പിച്ചിലേക്ക് ഇരച്ചുകയറുകയും പിച്ച് ഉഴുതുമറിക്കുകയും ചെയ്തു. ഇതോടെ കളി തുടരാനാവാത്ത വിധം പിച്ച് പൂർണ്ണമായും നശിച്ചു. പ്രാദേശിക നേതാവിനെ ടൂർണമെന്റിലേക്ക് ക്ഷണിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ഈ "പ്രതികാര" നടപടി എന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ ഒരു അനുയായി ആണ് പിച്ചിലേക്ക് ട്രാക്ടര്‍ കയറ്റിയത്. പിച്ച് തകര്‍ക്കപ്പെട്ടതോടെ കളി ഉടൻ തന്നെ നിർത്തിവെച്ചു. വിഡിയോ വൈറലായെങ്കിലും ട്രാക്ടർ ഓടിച്ച വ്യക്തിക്കെതിരെ പൊലീസ് നടപടിയോ ഔദ്യോഗിക പരാതിയോ ഫയൽ ചെയ്തതായി ഇതുവരെ സ്ഥിരീകരണമില്ല.