Image credit: x/mrsinha
യൂണിവേഴ്സിറ്റിയില്‍ നടത്തിയ കലാപരിപാടിക്കിടെ സാരിയുടുത്ത് നൃത്തം ചെയ്തതിന് വിദ്യാര്‍ഥിനിക്ക് നേരെ സൈബര്‍ ആക്രമണം. ഗുജറാത്തിലെ എംഎസ് യൂണിവേഴ്സിറ്റിയില്‍ എബിവിപി സംഘടിപ്പിച്ച 'സംസ്കാര സംഗമം' പരിപാടിയിലാണ് വിവാദ നൃത്തം ഉണ്ടായത്. മാധുരി ദിക്ഷീതിന്‍റെ പ്രശസ്തമായ 'ധക് ധകി'നാണ് വിദ്യാര്‍ഥിനി ചുവടുവച്ചത്. ഡാന്‍സ് വിഡിയോ വൈറലായതിന് പിന്നാലെ ഇതോണോ സാംസ്കാരിക സംഗമമെന്നും ഇത് ആഭാസമാണെന്നുമുള്ള പ്രതികരണവുമായിഎന്എസ്യുഐയും കോണ്‍ഗ്രസും രംഗത്തെത്തി. വഡോദര പോലെയൊരു സാംസ്കാരിക നഗരിയില്‍ നൃത്തമെന്ന പേരില്‍ ഇത്തരം ആഭാസങ്ങള്‍ ക്യാംപസിനുള്ളില്‍ നടത്തുന്നത് അനുവദിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംസ്കാരത്തിന്റെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതാണ് നൃത്തമെന്നായിരുന്നു ആരോപണം.
സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപം ശക്തമായതോടെ ഡാന്‍സ് കളിച്ച വിദ്യാര്‍ഥിനി പൊട്ടിക്കരഞ്ഞ് മാപ്പു പറഞ്ഞ് വിഡിയോ ഇട്ടു. ഡാന്‍സിനായി താന്‍ തിരഞ്ഞെടുത്ത പാട്ട് പ്രശ്നമാണെന്ന് സമ്മതിച്ചാലും സാരിയുടുത്താണ് താന്‍ കളിച്ചെതന്നും അതിലെവിടെയാണ് സംസ്കാരത്തിന് യോജിക്കാത്തത് ഉള്ളതെന്നും അശ്ലീലം എവിടെയാണെന്നും വിദ്യാര്‍ഥിനി ചോദിക്കുന്നു. തന്‍റെ ഡാന്‍സ് വിഡിയോ മോശം അര്‍ഥത്തില്‍ പ്രചരിപ്പിക്കുന്നതും ആളുകള്‍ സഭ്യതയ്ക്ക് നിരക്കാത്ത കമന്‍റുകളിടുന്നതും കടുത്ത മനോവിഷമം ഉണ്ടാക്കുന്നുവെന്നും വിദ്യാര്‍ഥിനി കരഞ്ഞു കൊണ്ട് പറഞ്ഞു. താന്‍ എബിവിപിയിലോ എന്എസ്യുഐയിലോ അംഗമല്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരീക്ഷയടുത്തിരിക്കെ കോളജില്‍ ഇത്തരം 'സാംസ്കാരിക' പരിപാടികള്‍ സംഘടിപ്പിക്കേണ്ടതില്ലെന്നായിരുന്നു പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം. പുറത്തുവന്ന ഡാന്‍സ് വിഡിയോ വഡോദരയുടെ സംസ്കാരത്തിനും യൂണിവേഴ്സിറ്റിയുടെ പാരമ്പര്യത്തിനും ചേരുന്നതല്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.