രാഘവ് ചദ്ദ എംപിയെ ആം ആദ്മിയുടെ രാജ്യസഭ ഡപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് പാർട്ടി നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ ചർച്ചയാകുന്നു. രാഘവ് പാർലമെന്റിൽ ഉയർത്തുന്നത് നിസാരമായ വിഷയങ്ങളെന്നെന്നും പ്രാധാന്യമുള്ള വിഷയങ്ങൾ ഒന്നും കൈകാര്യം ചെയ്യുന്നില്ല എന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാൽ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെ ലഘുവായ വിഷയങ്ങളെന്ന് പരിഹസിച്ച ആം ആദ്മിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമുയരുകയാണ്.
രാഘവ് ചദ്ദയ്ക്ക് പാർലമെന്റിൽ സംസാരിക്കാൻ അനുമതി നൽകേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് രാജ്യസഭ സെക്രട്ടറിയേറ്റിന് കത്തെഴുതിയത് ആം ആദ്മി പാർട്ടി തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. 'നിശബ്ദനായി, പക്ഷേ തോറ്റിട്ടില്ല.. ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണം...' എന്നായിരുന്നു വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെ രാഘവിന്റെ പ്രതികരണം.
പഞ്ചാബിൽ നിന്നുള്ള എംപിയായ രാഘവ് താൻ പാർലമെന്റിൽ ഉന്നയിക്കുന്ന പ്രശ്നങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടാണ് രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ തുടർച്ചയായി പാർലമെന്റിൽ ഉയർത്തി. അങ്ങനെയൊരാളെ നിശ്ശബ്ദനാക്കുന്നത് എന്തിനെന്നാണ് ഉയരുന്ന ചോദ്യം.
ടെലികോം കമ്പനികളുടെ 28 ദിവസത്തെ റീചാർജ് പ്ലാൻ, മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിലുള്ള ബാങ്ക് പിഴ, പിതൃത്വ അവധിയിൽ പുരുഷന്മാർക്കുള്ള നിയമപരമായ അവകാശം, മധ്യവർഗത്തിന്റെ നികുതിഭാരം, വിമാനത്തിലെ അധിക ബാഗേജ് ചാർജ്, ഡാറ്റാ പ്രൈവസി — ഇവയ്ക്കെല്ലാമായി രാഘവ് സഭയിൽ നിരന്തരം ശബ്ദമുയർത്തിയിരുന്നു. ആരോഗ്യ ഇൻഷുറൻസ് നൽകാത്ത കമ്പനികൾക്കെതിരെയും ഇൻഷുറൻസ് തുക വൈകിപ്പിക്കുന്നതിനെതിരെയും സഭയിൽ രാഘവ് പോരാടി. പൗരന്മാരുടെ ആരോഗ്യകാര്യങ്ങളിലും രാഘവിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. ഓരോ പൗരനും വർഷത്തിൽ ഒരിക്കൽ ആരോഗ്യപരിശോധന, ആർത്തവ ശുചിത്വം തുടങ്ങിയ വിഷയങ്ങൾ നിരന്തരം ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. വായു മലിനീകരണം, പ്ലാസകളിലെ ചൂഷണം, നഗരങ്ങളിലെ ട്രാഫിക്, ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരുടെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച രാഘവിന്റെ പ്രസംഗങ്ങൾ സഭ ശ്രദ്ധയോടെ കേട്ടു.
രാജ്യസഭയിലെ എംപിമാരുടെ ഓവറോൾ പെർഫോമൻസ് വിലയിരുത്തിയാലും രാഘവ് ഛദ്ദയുടെ തട്ട് താണുതന്നെയിരിക്കും. പാർലമെന്ററി പെർഫോമൻസ് റിപ്പോർട്ട് പ്രകാരം എംപിമാരുടെ ശരാശരി അറ്റൻഡൻസ് 80% ആണെന്നിരിക്കെ രാഘവിന് 83% അറ്റൻഡൻസ് ഉണ്ട്. ഓവറോൾ പെർഫോമൻസ് 10ൽ 8.8 ഉം.
ആം ആദ്മി പാർട്ടിയും രാഘവും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്ന രാഘവിന്‍റെ ചോദ്യം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. രാഘവിനോട് എഎപി അനീതി കാട്ടുന്നുവെന്ന് ബിജെപിയും പ്രതികരിച്ചു. പിന്തുണയും പ്രഖ്യാപിച്ചു. ഇതോടെ രാഘവ് ചദ്ദ ബിജെപിയിലേക്കോ എന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നാണ് എഎപിയുടെ പ്രതികരണം.