പ്രതീകാത്മക ചിത്രം

ഹരിയാനയില്‍ മകനും ഭാര്യയും ചേര്‍ന്ന് 65കാരിയെ കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ഭൂമിയുടെ നഷ്ടപരിഹാരത്തുക കൈക്കലാക്കാനാണ് മകനും ഭാര്യയും ചേര്‍ന്ന് ഓംവതി എന്ന സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മാർച്ച് 16-ന് ഉച്ചയ്ക്കാണ് ഫരീദാബാദിലെ സെക്ടർ 67-ലെ മാച്ച്ഗർ ഗ്രാമത്തില്‍ സംഭവം നടന്നത്. ഭൂമിയുടെ നഷ്ടപരിഹാരത്തുക തട്ടിയെടുക്കാന്‍ മരുമകള്‍ പൂനവും മകന്‍ ലളിതും ചേര്‍ന്ന് ഓംവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിന് പിന്നാലെ ഇരുവരും ചേര്‍ന്ന് ഓംവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. ശേഷം ആത്മഹത്യയാണെന്ന് തെറ്റിധരിപ്പിക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.

നാളുകളായി ഓംവതി ലളിതിനും പൂനത്തിനൊപ്പവുമാണ് താമസം. ഇവര്‍ക്ക് മറ്റൊരു മകനുണ്ട്. ഇളയ മകനായ അമിത്തും ഭാര്യ മമതയും കുറച്ച് മാറിയൊരു കോളനിയില്‍ വാടകയ്ക്കാണ് താമസം. ഓംവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പൂനം ഭര്‍തൃമാതാവ് മരണപ്പെട്ട വിവരം മമതയെ വിളിച്ച് അറിയിച്ചു. മമതയാണ് ഓംവതി കൊല്ലപ്പെട്ടതാകാമെന്ന വിവരം പൊലീസിന് നല്‍കിയത്.

ഭര്‍തൃമാതാവ് തന്നോട് പൂനവും ലളിതും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയിരുന്നതായി മമത പൊലീസിനോട് പറ‍ഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഓംവതിയുടെ കയ്യിലെ വളകള്‍ പൊട്ടിയതായും മുഖത്തിലും കഴുത്തിലും മര്‍ദനമേറ്റ പാടുകളും കണ്ടെത്തി. ഇതോടെ ഓംവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിയുകയും മരുമകള്‍ പൂനം പിടിയിലാകുകയായിരുന്നു.  ഓംവതിയുടെ മകന്‍ ലളിത് ഒളിവിലാണ്. ഇയാള്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയെന്നും കൊലപാതകത്തില്‍ ഭാര്യയെ സഹായിച്ചതില്‍ ലളിതിനും പങ്കുളളതായി കണ്ടെത്തിയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

 

ENGLISH SUMMARY:

In a shocking incident in Haryana, a 65-year-old woman was murdered by her son and daughter-in-law in Faridabad. Police suspect the motive was to illegally claim land compensation money.