കുഞ്ഞുങ്ങളുമായുള്ള ദീർഘദൂര യാത്രകൾ പലപ്പോഴും മാതാപിതാക്കള്‍ക്ക് വലിയൊരു വെല്ലുവിളിയാണ്. യാത്രയ്ക്കിടയിൽ അവർക്കുണ്ടാകുന്ന ചെറിയൊരു അസ്വസ്ഥത പോലും നമ്മെ പേടിപ്പെടുത്തും. അത്തരത്തിൽ ട്രെയിൻ യാത്രയ്ക്കിടെ തന്റെ കുഞ്ഞിനുണ്ടായ ആരോഗ്യപ്രശ്നവും തുടർന്ന് ഇന്ത്യൻ റെയിൽവേ നൽകിയ സഹായത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഭാവന. 'പരിഭ്രാന്തിയിൽനിന്ന് ആശ്വാസത്തിലേക്ക്' എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ യുവതി പങ്കുവെച്ച വിഡിയോ ഇപ്പോൾ സൈബറിടത്ത് വൈറലാണ്.
മാർച്ച് 13-ന് ബെംഗളൂരുവിൽ നിന്ന് ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഭാവനയ്ക്കും കുടുംബത്തിനും ദുരനുഭവം ഉണ്ടായത്. യാത്രയ്ക്കിടെ കുഞ്ഞിന് നൽകിയ മുരിങ്ങയില സൂപ്പ് അലർജിയാവുകയും കുഞ്ഞ് തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു. ആ സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ മാതാപിതാക്കള്‍ ഉടൻ തന്നെ ടിടിഇയെ സമീപിച്ച് ഡോക്ടറുടെ സഹായം തേടിയെങ്കിലും സഹായം ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ലെന്ന് ഭാവന പറയുന്നു. എന്നാൽ ഭാവനയെയും കുടുംബത്തെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് കൃത്യസമയത്ത് തന്നെ ഇന്ത്യൻ റെയിൽവേയുടെ സഹായമെത്തി.
ട്രെയിന്‍ ആന്ധ്രാപ്രദേശിലെ ഹിന്ദ്പുർ സ്റ്റേഷനിലെത്തിയപ്പോഴേക്കും ഡോക്ടർ അവിടെ എത്തിയിരുന്നു. ട്രെയിനിലെത്തിയ ഡോക്ടർ കുഞ്ഞിനെ വിശദമായി പരിശോധിക്കുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തു. ചികിത്സയ്ക്ക് കൃത്യമായ ബില്ലും റെയിൽവേ നൽകി. റെയിൽവേ ജീവനക്കാരുടെ ഈ പെട്ടെന്നുള്ള ഇടപെടലും സേവനമനോഭാവവുമാണ് വലിയൊരു അപകം ഒഴിവാക്കാന്‍ സഹായിച്ചതെന്ന് ഭാവന വിഡിയോയിൽ നന്ദിയോടെ പറയുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വിഡിയോയ്ക്ക് താഴെ ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. റെയിൽവേ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നവരും സാധാരണ യാത്രക്കാരുമടക്കം തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. മെഡിക്കൽ എമർജൻസി കോളുകൾ ലഭിച്ചാൽ അടുത്ത സ്റ്റേഷനിൽ തന്നെ സഹായമെത്തിക്കാൻ റെയിൽവേ എപ്പോഴും തയ്യാറാണെന്നത് വലിയൊരു ആശ്വാസമാണെന്ന് ആളുകള്‍ പറയുന്നു.