ദുബായിലെ ഇറാന്‍ ആക്രമണത്തിനിടെ ഭീതിപ്പെടുത്തുന്ന മിസൈലിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ച് നടന്‍ വിഷ്ണു മഞ്ചു. ദുബായില്‍ നിന്നുമുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു വിഷ്ണു മഞ്ചുവും കുടുംബവും. അതിഭീകരമായ ശബ്ദം മകളെ ഭീതിപ്പെടുത്തിയെന്നും വിഷ്ണു കുറിച്ചു.
സമാധനത്തിനായി പ്രാര്‍ഥിക്കുന്നു. എവിടെയാണെങ്കിലും ഒരു കുഞ്ഞുങ്ങളും അവരുടെ കൂരക്ക് മേലെ യുദ്ധത്തിന്‍റെ ശബ്ദം കേട്ടാകരുത് വളരുന്നത്. ജനങ്ങളെ സംരക്ഷിക്കുന്ന യുഎഇ പ്രതിരോധ സേനക്ക് നന്ദി. ഇത്തരം നിമിഷങ്ങള്‍ ജീവിതം എത്ര ദുര്‍ബലമാണെന്ന് ഓര്‍മിപ്പിക്കുന്നു. ഇത് നേരിടാനുള്ള ശക്തിയുണ്ടാവട്ടെയെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് വിഷ്ണു മഞ്ചു കുറിച്ചു.
താന്‍ ദുബായില്‍ കുടുങ്ങിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടി സൊനാന്‍ ചൗഹാനും പോസ്റ്റ് പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യന്‍ ഭരണകൂടത്തോടും സഹായം അഭ്യര്‍ഥിച്ചാണ് താരം പോസ്റ്റ് പങ്കുവച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറുകളായി കുടുങ്ങിയിരിക്കുകയാണെന്ന് അവര്‍ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
തുടരുന്ന പ്രതിസന്ധിക്കിടെ ദുബായില്‍ കുടുങ്ങിയിരിക്കുകയാണ്. വിമാനങ്ങളെല്ലാം റദ്ദാക്കുകയാണ്, ഇന്ത്യയിലേക്ക് മടങ്ങാന്‍ ഒരു വഴിയുമില്ല. സുരക്ഷിതയായി മടങ്ങിയെത്താന്‍ സര്‍ക്കാരിന്‍റെ സഹായവും പിന്തുണയും വേണം. സർക്കാരിൽ നിന്നുള്ള ഏതൊരു സഹായത്തിനും സുരക്ഷിതമായ തിരിച്ചുവരവിനുള്ള മാർഗനിർദ്ദേശവും വലിയ സഹായകമാവുമെന്നും സൊനാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.