Image Credit:X
കാമുകിക്കൊരു വാലന്‍റൈന്‍സ് ഡേ സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഷോപ്പിങ്മാളിലെത്തിയ യുവാവിനെ കയ്യോടെ പിടികൂടി ഭാര്യ. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് സംഭവം. സിറ്റി കാര്‍ട്ട് ഷോപ്പിങ് മാളില്‍ വച്ചാണ് യുവതി ഭര്‍ത്താവിനെയും കാമുകിയെയും കണ്ടത്. കണ്‍മുന്നില്‍ കണ്ടതോടെ പിടിച്ച് പൊതിരെ തല്ലി. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മറ്റൊരു യുവതിക്കൊപ്പം ഭര്‍ത്താവിനെ കണ്ട എല്ലാ പകപ്പും ഭാര്യയുടെ മുഖത്ത് കാണാം. ശബ്ദമുയര്‍ത്തി ഭര്‍ത്താവിനോട് സംസാരിച്ചതിന് പിന്നാലെ കാമുകിക്കിട്ടും യുവതി തല്ലി. ഇതോടെ തിരിച്ചും തല്ലായി. മുടിക്കുത്തിന് പിടിച്ച് ഇരുവരും വലിച്ചു. തിരക്കേറിയ ഷോപ്പിങ്മാളിലെ അടി കണ്ട് ആളുകള്‍ അന്തംവിട്ടു. യുവതിയുടെ കുട്ടിയും അമ്മയ്ക്കൊപ്പം അച്ഛന്‍റെ കാമുകിയെ തല്ലാന്‍ കൂടി. അടി ആളുകള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തി. ഈ ബഹളങ്ങള്‍ക്കിടയില്‍ യുവതിയുടെ ഭര്‍ത്താവ് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.
വിഡിയോയ്ക്ക് താഴെ ആളുകള്‍ രോഷം പങ്കുവച്ചിട്ടുണ്ട്. രണ്ട് പിശാചുക്കള്‍ ചേര്‍ന്ന് ഒരു കുട്ടിയുടെ ജീവിതം നശിപ്പിച്ചുവെന്ന് ഒരാള്‍ കുറിച്ചപ്പോള്‍, അച്ഛന്‍റെ കാമുകിയെ തല്ലുന്ന കുട്ടിയെ തനിക്കിഷ്ടപ്പെട്ടുവെന്നായിരുന്നു മറ്റൊരു കമന്‍റ്. വാലന്‍റൈന്‍സ് ഡേ ഷോപ്പിങിന് പോകുമ്പോള്‍ അതീവ ജാഗ്രത വേണമെന്നും ഇതൊരു പാഠമായിരിക്കട്ടെയെന്നും ചിലര്‍ സരസമായി കുറിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.