Image: X

പൊലീസ് ഉദ്യോഗാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി കല്യാണം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്്തിപുറിലാണ് സംഭവം. ആടിയാടി ഒന്നെഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാവിധം വിവാഹപന്തലില്‍ ഇരിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ജോധി പൊഖര്‍ സ്വദേശിയായ നിതീഷ് കുമാര്‍ ബിഹാര്‍ പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്. ഇതിനിടെയാണ് ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചത്. വിവാഹവേദിയില്‍ നിന്നുള്ള രംഗങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. 

വധുവിനടുത്തായി ഇരിക്കുന്ന നിതീഷ് കുമാര്‍ വരണമാല്യം പോലും പിടിക്കാന്‍ പറ്റിയ അവസ്ഥയിലല്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫെബ്രുവരി 7നാണ് നിധീഷ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. നിര്‍ബന്ധിച്ച് വിവാഹം നടത്തിയതിനു പിന്നാലെ നിധീഷ് കുമാര്‍ പുറത്തുവിട്ട വിഡിയോയിലാണ് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. ലൈബ്രറിയിലേക്ക് പോകുന്ന വഴി ഒരു സംഘമെത്തി തന്നെ തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ചും ലഹരി നല്‍കിയും മോര്‍വയിലുള്ള ഒരു അമ്പലത്തിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും നിധീഷ് പറയുന്നു. 

അവിടെവച്ച് ചക്രജ അലി സ്വദേശിയായ ശങ്കര്‍ രാജിന്റെ മകള്‍ ലക്ഷ്മി കുമാരിയുമായി തന്റെ വിവാഹം നടത്തിയെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. ചടങ്ങിനു പിന്നാലെ താന്‍ ഓടിപ്പോകാതിരിക്കാനായി ഒരു മുറിയില്‍ പൂട്ടിയിട്ടെന്നും യുവാവ് പറയുന്നു. വിഡിയോ പുറത്തുവന്നതോടെ വിഷയത്തില്‍ സമസ്തിപുര്‍ പൊലീസ് ഇടപെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം നിധീഷിന്റെ സമ്മതപ്രകാരമായിരുന്നോ അല്ലയോ എന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസെന്ന് പട്ടോരി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അനില്‍ കുമാര്‍ അറിയിച്ചു. 

സമീപകാലത്തായി  ബിഹാറില്‍ ഗണ്‍പോയന്റില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. വരനെ തട്ടിക്കൊണ്ടുപോയി കല്യാണം കഴിപ്പിക്കുന്ന സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോലി സാധ്യതയുള്ള പയ്യന്‍മാര്‍ക്കാണ് ഈ ഗതിയെന്നാണ് പുറത്തുവരുന്ന വിവരം. 

ENGLISH SUMMARY:

A police aspirant was allegedly kidnapped, drugged, and forced into marriage in Samastipur, Bihar. Viral videos show the groom incapacitated at the wedding, unable to even hold the garland.