AI Image
ജോലി ഉപേക്ഷിച്ച് അമ്മായിയമ്മയെ പരിചരിക്കാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് താനുമായുള്ള ബന്ധം വേര്‍പെടുത്തിയെന്ന് വെളിപ്പെടുത്തി യുവതി. 'ബാപ്പു ബൊമ്മ സ്പീക്സ്' എന്ന എക്സ് ഹാന്‍ഡിലിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. തന്‍റെ ബാല്യകാല സുഹൃത്ത് വിവാഹബന്ധത്തില്‍ നേരിട്ട വൈകാരിക ചൂഷണത്തെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ബാല്യകാലത്തെ സൗഹൃദം പ്രണയത്തിലെത്തുകയും അങ്ങനെ വിവാഹിതരാവുകയും ചെയ്ത ടെക്കി ദമ്പതിമാരായിരുന്നു ഇരുവരും. ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. ക്രമേണെ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ ശമ്പളം തനിക്ക് ലഭിക്കാന്‍ തുടങ്ങിയതോടെ വീട്ടില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തെന്നും ജോലി ഉപേക്ഷിക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയെന്നും ഒടുവില്‍ വിവാഹമോചനത്തില്‍ കലാശിച്ചെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
'പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് എന്‍റെ കൂട്ടുകാരി പ്രണയത്തിലായത്. ബി.ടെക് എത്തിയപ്പോഴും അവര്‍ പ്രണയം തുടര്‍ന്നു. ടെക് മഹീന്ദ്രയില്‍ ചേര്‍ന്നു. പിന്നീട് കമ്പനികള്‍ മാറി. വിവാഹിതരായി, രണ്ട് കുട്ടികളും ജനിച്ചു. നമ്മളൊക്കെ സ്വപ്നം കാണുന്നത് പോലെ ഒരു വീടും സ്വന്തമാക്കി. പുറമെ നിന്ന് നോക്കിയാല്‍ ആരും കൊതിക്കുന്ന ജീവിതം. പക്ഷേ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായതോടെ യുവതി കമ്പനി മാറി. പുതിയ കോഴ്സ് പഠിച്ചെടുത്തു. ഫീല്‍ഡ് മാറി. സ്വാഭാവികമായും ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ തുടങ്ങി. ഗര്‍ഭകാലത്ത് ഒന്‍പത് മാസം വരെയും ജോലിക്ക് പോയി.
രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭര്‍തൃമാതാവിന് സുഖമില്ലാതെയായി. ഇതോടെ ജോലി ഉപേക്ഷിച്ച് അമ്മയെ നോക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് മക്കളുടെ പ്രസവത്തിനും അവരെ നോക്കുന്നതിനുമായി താന്‍ കരിയറില്‍ ബ്രേക്കുകളെടുത്തുവെന്നും ഇനി സാധിക്കില്ല. നിലവിലെ ശമ്പളത്തില്‍ നിന്ന് താന്‍ വീടുനോക്കാമെന്നും ഭര്‍ത്താവ് ബ്രേക്ക് എടുത്ത് അമ്മയെ നോക്കൂവെന്നും സാധിക്കുമ്പോള്‍ താനും കൂടെച്ചേരാമെന്നും യുവതി വ്യക്തമാക്കി. മക്കളെ നോക്കാന്‍ തന്‍റെ അമ്മയുടെ സഹായം തേടിക്കോളാമെന്നും യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ യുവതിയുടെ അമ്മ ഒപ്പം താമസിക്കാന്‍ പറ്റില്ലെന്നും തനിക്ക് രാജിവയ്ക്കാന്‍ പറ്റില്ലെന്നും ഭര്‍ത്താവും നിലപാടെടുത്തു. യുവതി വഴങ്ങാതിരുന്നതോടെ മാനസിക പീഡനവും തുടങ്ങി. ഒടുവില്‍ രണ്ടുപേരും ചേര്‍ന്ന് വാങ്ങിയ വീട്ടില്‍ നിന്നും മക്കളുമായി യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതോടെ വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണി മുഴക്കി. തുടര്‍ന്ന് ഇരുവരും പിരിഞ്ഞു'വെന്നായിരുന്നു യുവതിയുടെ സുഹൃത്തിന്‍റെ കുറിപ്പ്.
വലിയ ചര്‍ച്ചകള്‍ക്കാണ് പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായൊരു സമൂഹത്തില്‍ സ്ത്രീകള്‍ എത്ര ജോലി ചെയ്യുന്നുവെന്നോ അവരെത്ര സമ്പാദിക്കുന്നുവെന്നോ അവരെന്തെല്ലാം ത്യജിക്കുന്നുവെന്നോ ആരും കണക്കിലെടുക്കാറില്ലെന്നും സ്വന്തം നിലപാട് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ എഴുതിത്തള്ളുകയാണ് ചെയ്യുന്നതെന്നും ഒരാള്‍ കുറിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം ആര്‍ക്കുവേണ്ടിയും പണയം വയ്ക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം കമന്‍റുകളിലും പറയുന്നത്. സ്വന്തം അമ്മയെ നോക്കാന്‍ മകന് സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അതെങ്ങനെയാണ് ഭാര്യയുടെ ഉത്തരവാദിത്തം മാത്രമായി മാറുന്നതെന്ന് മനസിലാകുന്നെതന്നും മറ്റൊരാള്‍ കുറിച്ചു.