kamal-delhi

Image: X, @ndtv

TOPICS COVERED

വിവാഹവാര്‍ഷികത്തിന് കേക്ക് മുറിക്കാന്‍ മകനെ കാത്തിരുന്ന മാതാപിതാക്കളുടെ മുന്‍പിലെത്തിയത് വെള്ളത്തുണിയില്‍ പൊതിഞ്ഞ ശരീരം. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ആണ് സംഭവം. കമല്‍ ധ്യാനിയെന്ന 25കാരനാണ് 15 അടി താഴ്ചയുള്ള കുഴിയില്‍വീണ് ദാരുണാന്ത്യം സംഭവിച്ചത്. 

 

കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു കമല്‍ ധ്യാനി. വീട്ടില്‍ മാതാപിതാക്കളുെട വിവാഹവാര്‍ഷികം ആഘോഷിക്കാനായി കമല്‍ കൂടിയുള്ള സമയം നോക്കിയിരിക്കുകയായിരുന്നു കുടുംബം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആഘോഷിക്കാനായി കുടുംബം തീരുമാനിച്ചു. ഇതുപ്രകാരമാണ് കേക്കും മെഴുകുതിരിയും ഭക്ഷണവും തയാറാക്കി മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും കാത്തിരുന്നത്.

 

ഇരട്ടസഹോദരനായ കരണിനെ വിളിച്ച് 15മിനിറ്റിനുള്ളില്‍ വീട്ടിലെത്തുമെന്ന് കമല്‍ വിളിച്ചു പറഞ്ഞിരുന്നു, അമ്മയോട് ചപ്പാത്തിയുണ്ടാക്കിവയ്ക്കാനും ആവശ്യപ്പെട്ടു, പക്ഷേ കമല്‍ മണിക്കൂറുകളായിട്ടും തിരിച്ചെത്തിയില്ല. നിരവധി തവണ  ഫോണില്‍ വിളിച്ചു, കിട്ടിയില്ല, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഫോണ്‍ റിങ് ചെയ്യുന്നുണ്ടായിരുന്നു. ആഘോഷവീട് പതിയെ മൂകതയിലേക്ക് മാറി. 

 

സഹോദരനും പിതാവും മറ്റ് കുടുംബാംഗങ്ങളും കമലിനെ തേടിയിറങ്ങി, ആദ്യം ഓഫീസിലും പിന്നാലെ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിലും തിരഞ്ഞു. ഒരു വിവരവും ലഭിച്ചില്ല. നേരം വെളുത്തതോടെയാണ് കമലിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയെന്ന വിവരം കുടുംബം അറിയുന്നത്. 

 

റോഡിലെ 15 അടി താഴ്ചയുള്ള കുഴിയിലേക്ക് കമലും ബൈക്കും വീഴുകയായിരുന്നു. ഡല്‍ഹി ജലവിഭവവകുപ്പിന്റെ സേവെര്‍ പൈപ്പ്‌ലൈന്‍ റീഹാബിലിറ്റേഷന്‍ പ്രോജക്ടിനായി കുഴിച്ച കുഴിയിലേക്കാണ് കമല്‍ വീണത്. സ്വന്തം സമ്പാദ്യംകൊണ്ട് കമല്‍ ഒരു വര്‍ഷം മുന്‍പ്  പിറന്നാള്‍ ദിനത്തില്‍ വാങ്ങിയ വണ്ടിയായിരുന്നു ഇതെന്ന് കുടുംബം പറയുന്നു. കമലിന്റെ മരണത്തിനു പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇത്രയും വലിയ കുഴിയുള്ളത് തിരിച്ചറിയാന്‍ പാകത്തില്‍ അടയാളങ്ങളോ ആവശ്യമായ വെളിച്ചമോ പോലും അപകടമേഖലയില്‍ ഇല്ലെന്നാണ് വിമര്‍ശനം.  

ENGLISH SUMMARY:

Tragedy struck in Delhi when a 25-year-old man, Kamal Dhyani, died after falling into a 15-foot-deep open pit, dashing his parents' hopes of celebrating their wedding anniversary with him. The incident highlights serious concerns about public safety and infrastructure negligence.