ഐടി നഗരമായ ബെംഗളൂരുവിലെ അമിതമായ ജോലിഭാരവും വർധിച്ചുവരുന്ന ജീവിതച്ചെലവും വിഡിയോയിലൂടെ പങ്കുവച്ച് യുവാവ്. കയ്യില്‍ പണവും ആഡംബര സൗകര്യങ്ങളും ഉണ്ടെങ്കിലും തനിക്ക് ഇതൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍.
പ്രതിമാസം 50,000 രൂപ വാടക നൽകിയാണ് യുവാവ് ഫ്ലാറ്റില്‍ താമസിക്കുന്നത്. സ്വിമ്മിംഗ് പൂൾ, ജിം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അപ്പാർട്ട്മെന്റിലുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം ഇവയൊന്നും ഉപയോഗിക്കാൻ തനിക്ക് സമയമില്ലെന്ന് അദ്ദേഹം പറയുന്നു. പണം സമ്പാദിക്കാനായുള്ള ഓട്ടത്തിനിടയിൽ സ്വന്തം ജീവിതം നഷ്ടപ്പെടുന്നതിനെ ഒരു 'എലിക്കെണി' എന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്.
എന്റെ കയ്യിൽ എല്ലാ സൗകര്യങ്ങളുമുണ്ട്, പക്ഷേ അത് ഉപയോഗിക്കാൻ സമയമില്ല, എന്നാണ് ഇദ്ദേഹം പറയുന്നത്. പണം ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ സമാധാനവും സമയവും നഷ്ടപ്പെടുകയാണെന്നും അദ്ദേഹം വിഡിയോയിൽ കൂട്ടിച്ചേർക്കുന്നു. തന്റെ അയൽവാസികളുടെ അവസ്ഥയും ഇതുതന്നെയാണെന്നും നഗരത്തിലെ ഭൂരിഭാഗം ലക്ഷ്വറി അപ്പാർട്ട്മെന്റുകളിലെയും പൂളുകളും ജിമ്മുകളും ഉപയോഗിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും യുവാവ് വെളിപ്പെടുത്തി.
ജനുവരി 4-ന് പങ്കുവെച്ച വിഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വിഡിയോയ്ക്ക് താഴെ വാടകയെക്കുറിച്ചും തൊഴിൽ സമ്മർദ്ദത്തെക്കുറിച്ചും കടുത്ത തർക്കങ്ങളാണ് നടക്കുന്നത്. മൽബറി ടവറിൽ 74,000 രൂപ വാടക നൽകുന്ന ഒരാൾ 50,000 രൂപ എന്നത് ഒരു 'നല്ല ഡീൽ' ആണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, സമയം കണ്ടെത്താത്തത് വ്യക്തിപരമായ പരാജയമാണെന്നാണ് ചിലരുടെ വാദം. ഐടി പ്രൊഫഷണലുകളുടെ തിരക്ക് മുതലെടുത്ത് നഗരത്തിൽ പുതിയ തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ആളുകള്‍ കമന്‍റിലൂടെ പറഞ്ഞു.