ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ അടുത്ത മാസം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയാകും. സമൂഹമാധ്യമത്തിലൂടെ അനായ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് ബംഗാറിന്റെ മകനും ആഭ്യന്തര ക്രിക്കറ്റ് താരവുമായിരുന്ന‌ ആര്യൻ ബംഗാറാണ് അനായ എന്നു പേരു സ്വീകരിച്ച് ട്രാൻസ് വുമൺ ആയി മാറിയത്. 2024ലാണ് താൻ ഹോർമോൺ ചികിത്സ ആരംഭിച്ചതും പുതിയ പേരു സ്വീകരിച്ച വിവരവും അനായ പുറത്തുവിട്ടത്.

ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഏകദേശം അഞ്ച് വർഷത്തോളമായി അനായ ഹോർമോൺ ചികിത്സയിലായിരുന്നു. ‘മാർച്ച് 14നു ഞാൻ ലിംഗമാറ്റ ശസ്ത്രക്രിയ (വജൈനോപ്ലാസ്റ്റി) നടത്തും. ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഫാഷൻ ഡിസൈനർ സായിഷ ഷിൻഡെയും നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജുവുമാണ് എനിക്ക് മാർഗനിർദേശം നൽകിയത്. അവർ ശസ്ത്രക്രിയ നടത്തിയ തായ്‌ലൻഡിലെ അതേ ക്ലിനിക്കിലാണ് എനിക്കും ശസ്ത്രക്രിയ. അവിടെ കുറഞ്ഞത് ഒരു മാസമെങ്കിലും ഞാൻ താമസിക്കേണ്ടിവരും. അതിനുശേഷം, എനിക്ക് കുറച്ചുകാലം വിശ്രമിക്കേണ്ടിവരും. കുറഞ്ഞത് ആറു മാസമെങ്കിലും എനിക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല, പക്ഷേ ഇത് ഒടുവിൽ സംഭവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവുകളും എന്റെ അച്ഛൻ വഹിക്കും” - അനായ പറഞ്ഞു

ENGLISH SUMMARY:

Anay Bangar, daughter of former Indian cricketer and batting coach Sanjay Bangar, will undergo gender reassignment surgery next month. She announced this via social media, sharing details about her transition journey and the support she has received.