TOPICS COVERED

 വാഹനാപകടത്തില്‍ പരുക്കേറ്റ യുവാക്കളെ രക്ഷിച്ച ഡോക്ടര്‍മാരെ നടുറോഡില്‍ പ്രത്യക്ഷപ്പെട്ട ദൈവങ്ങളായാണ് ആ യുവാക്കളുടെ കുടുംബാംഗങ്ങള്‍ ഇന്നു കാണുന്നത്. ജീവന്‍ രക്ഷിക്കാന്‍ ചെറിയ സാധ്യത മാത്രമുണ്ടായിരുന്നിടത്തുനിന്നും മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് രക്ഷിച്ചത് മൂന്ന് ജീവനുകള്‍. ടീംവര്‍ക്ക് കൊണ്ടുമാത്രമാണ് ഇതു സംഭവിച്ചതെന്ന് പറയുകയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസറായ ഡോക്ടര്‍ മനൂപ്.

കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന സമയത്താണ് ഡോ. മനൂപ് ഉദയംപേരൂരില്‍വച്ച് അപകടത്തില്‍പ്പെട്ട രോഗികളെ കാണുന്നത്. മൂന്നുപേര്‍ റോഡില്‍ കിടക്കുന്നതുകണ്ട് ഉടന്‍ തന്നെ വണ്ടിനിര്‍ത്തി പുറത്തിറങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായി അതേസമയം തന്നെ ഡോ തോമസ് പീറ്ററും അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയയും ആ വഴിയെത്തി. രോഗികളുടെ അവസ്ഥ പരിശോധിച്ചപ്പോള്‍ ഒരാള്‍ റെഡ് കാറ്റഗറിയും ( ഗുരുതരമായി പരുക്കേറ്റ അവസ്ഥ) മറ്റു രണ്ടു പേര്‍ യെലോ കാറ്റഗറിയിലും (നിസാര പരുക്കുകള്‍)  പെടുന്നവരാണ്. ആ സാഹചര്യത്തില്‍ വിദഗ്ധചികില്‍സ നല്‍കുന്നതിനുള്ള സാഹചര്യം വളരെ കുറവാണ്, എങ്കിലും അവിടെവച്ചു തന്നെ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗി രക്ഷപ്പെടില്ലെന്ന് പൂര്‍ണബോധ്യമുണ്ടായിരുന്നു.

റെഡ് കാറ്റഗറിയില്‍പ്പെട്ടയാളുടെ മുഖത്തേയും മൂക്കിന്‍റേയും എല്ലുകളെല്ലാം പൊട്ടിയിരുന്നു. ഇതുമൂലമുണ്ടായ രക്തവും പല്ലുകളും എല്ലാംകൂടി ചേര്‍ന്ന് ശ്വാസനാളം തടസപ്പെട്ട നിലയിലായിരുന്നു. ആ സമയം സര്‍ജിക്കല്‍ പ്രൊസീജിയര്‍ നടത്താതെ രക്ഷയില്ലെന്നും ബോധ്യപ്പെട്ടു. ഇതിനുള്ളില്‍ തന്നെ ഉദയംപേരൂര്‍ പൊലീസ് സ്ഥലത്തെത്തി. അവരുടെ കൂടി പിന്തുണയോടെ സര്‍ജിക്കല്‍ പ്രൊസീജര്‍ നടത്താന്‍ തീരുമാനിച്ചു. ഡോക്ടര്‍ മനൂപും ദിദിയയും ആ രോഗിയേയും ഡോ തോമസ് മറ്റു രണ്ടു രോഗികളേയും പരിശോധിച്ചു.

പൊലീസ് നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ രണ്ട് മൂന്ന് സെന്റിമീറ്റര്‍ മുറിവുണ്ടാക്കി, ഇന്‍ഫക്ഷന്‍ വരുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും രോഗി ജീവിച്ചിരുന്നാലല്ലേ ആ ആശങ്കയ്ക്ക് പോലും സാധ്യതയുള്ളൂവെന്നോര്‍ത്തപ്പോള്‍ പ്രൊസീജിയര്‍ തുടര്‍ന്നു. ആംബുലന്‍സ് എത്തുംവരെ രോഗി ജീവിച്ചിരിക്കില്ലെന്ന് മനസിലായി. കഴുത്തില്‍ മുറിവുണ്ടാക്കി സര്‍ജിക്കല്‍ ക്രീക്കോതൈറോയ്ട്ടോമി എന്ന പ്രൊസീജറിലൂടെ ശ്വാസനാളത്തിലേക്ക് ട്യൂബിട്ടു. ആദ്യം പേപ്പര്‍ സ്ട്രോയും പിന്നാലെ പ്ലാസ്റ്റിക് സ്ട്രോയും ഉപയോഗിച്ചു. ഇതോടെ രോഗി ശ്വസിച്ചുതുടങ്ങി. അപ്പോഴേക്കും ആംബുലന്‍സെത്തി രോഗികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചു.

പൊലീസും നാട്ടുകാരും ഒപ്പം നിന്നതുകൊണ്ടുമാത്രമാണ് ഇവരെ രക്ഷിക്കാനായതെന്നും ഡോക്ടര്‍ മനൂപ് പറയുന്നു. നാട്ടുകാരാണ് മൊബൈലിന്റെ ഫ്ലാഷ്‌ലൈറ്റ് വെളിച്ചം നല്‍കിയത്. മൂന്നുമിനിറ്റില്‍ ഈ പ്രൊസീജര്‍ കംപ്ലീറ്റ് ചെയ്തെന്നും ഡോക്ടര്‍ പറയുന്നു. ആരും വിഡിയോയോ ഫോട്ടോയോ എടുക്കരുതെന്ന് നാട്ടുകാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നെന്നും ഡോക്ടര്‍ പറയുന്നു. കൊല്ലം സ്വദേശി ലിനുവിനാണ് ഗുരുതരമായി പരുക്കേറ്റത്.

ആശുപത്രി ഡ്യൂട്ടിക്ക് ശേഷം ക്രിസ്‌മസ് ആഘോഷിക്കാനായി തെക്കൻ പറവൂരിലെ സെയ്‌ന്റ് ജോൺസ് ദി ബാപ്‌റ്റിപസ് പള്ളിയിലേക്ക് പോകുകയായിരുന്നു ഡോക്‌ടർ തോമസ് പീറ്ററും ഭാര്യ ദിദിയയും. പള്ളിയിലെത്തുന്നതിന് കുറച്ച് മുൻപായി അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന യുവാക്കളെ കാണാൻ ഇടയായത്.ലിനുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും വരെ ഡോ. മനൂപ് സ്‌ട്രോയിലൂടെ ശ്വാസം നൽകി കൊണ്ടിരുന്നു. എറണാകുളം വെൽകെയർ ആശുപത്രയിലെ ചികിത്സയിൽ തുടരുകയാണ് ലിനു.

ENGLISH SUMMARY:

Road accident rescue highlights the life-saving intervention by doctors after a road accident. These doctors swiftly performed a surgical cricothyroidotomy on-site, ensuring the survival of critically injured individuals until they could be transported to the hospital.