ട്രെയിൻ വൈകിയതിനെ തുടർന്ന് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാതെ വന്ന വിദ്യാര്‍ഥിനിക്ക് ഇന്ത്യന്‍ റെയില്‍വേ 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉത്തർപ്രദേശിലെ ജില്ലാ ഉപഭോക്തൃ ഫോറം. പ്രവേശന പരീക്ഷ എഴുതാൻ കഴിയാതെ വന്നതോടെ വിദ്യാര്‍ഥിനിക്ക് നഷ്ടപ്പെട്ടത് തന്‍റെ ഒരു വര്‍ഷമാണ്. ഇത് മാനസികമായും ശാരീരികമായും സാമ്പത്തികമായും കുട്ടിയെ ബാധിച്ചുവെന്ന് നിരീക്ഷിച്ചാണ് ഫോറം റെയില്‍വേയ്ക്ക് പിഴ ചുമത്തിയത്. സേവനത്തിലെ പോരായ്മയ്ക്ക് റെയിൽവേ ഉത്തരവാദിയാണെന്നും ഫോറം കണ്ടെത്തി.

ലഖ്‌നൗവിലെ ചാർബാഗിലുള്ള ജയ് നാരായൺ പിജി കോളജിലായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് 12:30 ആയിരുന്നു റിപ്പോര്‍ട്ടിങ് സമയം. 1.30 മുതൽ 3 വരെ പരീക്ഷയും. എന്നാല്‍ പരീക്ഷയ്ക്കായി വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1:34 ന് മാത്രമാണ് സ്റ്റേഷനിൽ എത്തിയത്. രണ്ടര മണിക്കൂറായിരുന്നു ട്രെയിന്‍ വൈകിയത്. ഇതോടെ വിദ്യാര്‍ഥിനിക്ക് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല. പിന്നാലെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. സംഭവം കുട്ടിയില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കേസില്‍ വാദം കേട്ട കോടതി കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന പ്രതീക്ഷയോടെയാണ് ഒരാള്‍ യാത്ര ആരംഭിക്കുന്നതെന്നും എന്നാല്‍ അതിന് സാധിക്കാതെ വരുമ്പോള്‍ എല്ലാ ജോലികളും തടസ്സപ്പെടുന്നു, യാത്രക്കാരന് നഷ്ടമുണ്ടാകുന്നു. ഈ നഷ്ടത്തിന്‍റെ ഉത്തരവാദിത്തം സേവന ദാതാവിനാണെന്നും കോടതി നിരീക്ഷിച്ചു. സാങ്കേതിക തകരാറുകളുടെയോ മറ്റ് കാരണങ്ങളുടെയോ മാത്രം അടിസ്ഥാനത്തിൽ ട്രെയിൻ എത്തുന്നതിൽ കാലതാമസം വരുത്തുന്നതിന് റെയിൽവേയ്ക്ക് ന്യായീകരണം നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

സിബിഎസ്ഇ ബോർഡ് നടത്തിയ ഹൈസ്കൂൾ പരീക്ഷയിൽ 10 സിജിപിഎ നേടി വിജയിച്ചയാളായിരുന്നു വിദ്യാര്‍ഥി. എന്നാല്‍ എതിർ കക്ഷികളുടെ അശ്രദ്ധ കാരണം, പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ അവൾക്ക് അവസരം നഷ്ടപ്പെട്ടു, അതിന്‍റെ ഫലമായി വിലപ്പെട്ട അധ്യയന വർഷം നഷ്ടപ്പെടുകയും ചെയ്തു. ശാരീരികവും, സാമ്പത്തികവും, മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതിനാല്‍ എതിർ കക്ഷികൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു. 45 ദിവസത്തിനുള്ളിൽ 9 ലക്ഷം രൂപ നഷ്ടപരിഹാരവും, അഭിഭാഷക ഫീസായി 5,000 രൂപയും, വ്യവഹാര ചെലവായി 5,000 രൂപയും റെയിൽവേ നൽകണമെന്നാണ് ഉത്തരവ്.

ENGLISH SUMMARY:

A District Consumer Forum in Uttar Pradesh has directed Indian Railways to pay ₹9.1 lakh in compensation to a student who missed her college entrance exam due to a train delay. The student, a high achiever with 10 CGPA, lost an entire academic year after her train arrived over two and a half hours late at Lucknow's Charbagh station. The court ruled that railways are responsible for mental, physical, and financial distress caused by such delays and cannot cite technical snags as a blanket excuse. This landmark judgment emphasizes the accountability of service providers toward passengers' time and career goals. The total payout includes ₹9 lakh as compensation and ₹10,000 for legal expenses. Railways must comply with the order within 45 days.