ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ നിന്നുള്ള കൂറ്റന്‍ ഹിമപാതത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലും വൈറലാകുന്നു. ചൊവ്വാഴ്്ച്ച രാത്രി 10.12നാണ് സംഭവമെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കുന്നു. ടൂറിസ്റ്റ് മേഖല കൂടിയായ സോനാമാര്‍ഗിലെ വീടുകള്‍ക്ക് മുകളിലൂടെ സുനാമിയെ ഓര്‍മിപ്പിക്കും വിധത്തിലാണ് ഹിമപാതം കടന്നുവരുന്നത്. സംഭവത്തില്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചതായോ പരുക്കേറ്റതായോ റിപ്പോര്‍ട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
സിസിടിവിയില്‍ കണ്ട ദൃശ്യങ്ങള്‍ തീര്‍ത്തും ഭീതി സൃഷ്ടിക്കുന്നവയാണ്. തിങ്കളാഴ്ച്ച തന്നെ മേഖലയില്‍ കടുത്ത മഞ്ഞുവീഴ്ച്ചയും ഹിമപാതവും ഉണ്ടാവുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച കശ്മീരിലുടനീളമുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു–ശ്രീനഗർ ദേശീയപാത അടച്ചുപൂട്ടുകയും ശ്രീനഗർ വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു.
ഇതോടെ നൂറുകണക്കിന് വിനോദസഞ്ചാരികൾ താഴ്‌വരയിൽ കുടുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. തിങ്കളാഴ്ച രാത്രിയാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. തുടർന്ന് പ്രദേശമൊട്ടാകെ മഞ്ഞ് മൂടുകയായിരുന്നു. ഖാസിഗുണ്ടിനടുത്തുള്ള നവയുഗ് ടണൽ പ്രദേശത്തും ബനിഹാലിലും മഞ്ഞ് അടിഞ്ഞുകൂടിയതിനെ തുടർന്ന് ദേശീയപാത 44 അടച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 58 വിമാന സർവീസുകള്‍ റദ്ദാക്കിയിരുന്നു.