എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഫുള്‍ഡ്രസ് റിഹേഴ്സല്‍ ഇന്ന്. കേരളത്തിന്‍റെതടക്കം വിവിധ സംസ്ഥാനങ്ങളുടെയും മന്ത്രാലയങ്ങളുടെയും 30 നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. സമൃദ്ധി കാ മന്ത്ര, ആത്മ നിര്‍ഭര്‍ ഭാരത് എന്ന പ്രമേയത്തില്‍ വാട്ടര്‍ മെട്രോയും 100 ശതമാനം ഡിജിറ്റല്‍ സാക്ഷരതയുമാണ് കേരളം അടയാളപ്പെടുത്തുന്നത്. മലയാളിയായ റോയ് ജോസഫ് ആണിത് രൂപകല്‍പന ചെയ്തത്.
ഒരുവശത്ത് രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോയായ കൊച്ചി വാട്ടര്‍ മെട്രോയുടെ ബോട്ട്. അതില്‍ എല്ലാ വിഭാഗത്തിലും പെട്ട യാത്രക്കാര്‍. ശുചിതത്വത്തിന്‍റെ അടയാളമായി ഹരിതകര്‍മസേന അംഗങ്ങളും. മറുവശത്ത് ലാപ്ടോപും സ്മാര്‍ട് ഫോണും കയ്യിലേന്തി, സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ സാക്ഷരതയുടെ ബ്രാന്‍ഡ് അംബാസഡറായ സരസു. ഒറ്റനോട്ടത്തില്‍ ഇതാണ് റിപ്പബ്ലിക് ദിനത്തിലെ കേരളത്തിന്‍റെ നിശ്ചല ദൃശ്യം. സംസ്ഥാന വൃക്ഷമായ തെങ്ങ്, ഫലമായ ചക്ക, കാര്‍ഷികപ്പെരുമ എന്നിവയൊക്കെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. ഗ്രമീണത്തനിമയും ആധുനികതയും ഒരുമിച്ചുചേരുന്ന വിധത്തിലാണ് രൂപകല്‍പന. നിശ്ചലദൃശ്യത്തിനൊപ്പം സംസ്ഥാനത്തിന്‍റെ കലാപാരമ്പര്യം അടയാളപ്പെടുത്തുന്ന നൃത്തരൂപങ്ങളും കാണാം.
പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയരക്ടര്‍ വി,ആര്‍.സന്തോഷ് എഴുതിയ ഗാനത്തിന് ഈണമിട്ടത് പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിതാര. ഡല്‍ഹിയില്‍
സ്ഥിരതാമസമാക്കിയ മലയാളികളും പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ഥികളുമാണ് ചുവടുവയ്ക്കുന്നത്. 22 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. ഇന്ന് ഫുള്‍ഡ്രസ് റിഹേഴ്സല്‍. അതിനുശേഷമായിരിക്കും അവസാന മിനുക്കുപണികള്‍.