Image Credit: https://www.instagram.com/vilas.kudalkar.52/
തനിക്ക് ജോലി കിട്ടിയ വിവരം അറിയിക്കാന്‍ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയ ഒരു മകന്‍റെ വിഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുന്നത്. തെരുവില്‍ പച്ചക്കറി വില്‍ക്കുന്ന അമ്മയ്ക്കരികിലേക്ക് കയ്യില്‍ ബൊക്കെയുമാണ് ഓടിയെത്തുന്ന യുവാവ് അമ്മയുടെ കാല്‍ക്കല്‍ വീഴുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നാലെ മകനെ വാരിപ്പുണരുന്ന അമ്മയെയും കാണാം. ഒരു സാധാരണക്കാരന്‍റെ ജീവിതവും സ്വപ്നവും എടുത്തുകാണിക്കുന്ന വിഡിയോ സൈബറിടത്ത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വൈറലായി മാറി.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് സംഭവം. ഗോപാല്‍ സാവന്ത് എന്ന യുവാവാണ് വിഡിയോയിലുളളത്. തന്‍റെ ഏറെ നാളത്തെ സ്വപ്നമായ ജോലി ലഭിച്ച സന്തോഷമാണ് ഗോപാല്‍ അമ്മയുമായി പങ്കുവയ്ക്കുന്നത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലേക്കാണ് (CRPF) ഗോപാലിന് നിയമനം ലഭിച്ചിരിക്കുന്നതെന്നാണ് വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സന്തോഷവാര്‍ത്ത അമ്മയെ അറിയിക്കുന്നതാണ് വിഡിയോയിലുളളത്.
അമ്മയുടെ കാല്‍ക്കല്‍ വീഴുന്ന ഗോപാലിന്‍റെയും മകന്‍റെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തില്‍ വികാരദീനയാകുന്ന അമ്മയെയും നമുക്ക് വിഡിയോയില്‍ കാണാം. പിന്നാലെ ആ തെരുവ് ഒന്നടങ്കം ഇരുവരുടെ സന്തോഷത്തില്‍ പങ്കുചേരുന്നതുമാണ് വിഡിയോയിലുളളത്. വര്‍ഷങ്ങളായി തെരുവില്‍ പച്ചക്കറി വിറ്റാണ് ഗോപാലിന്‍റെ അമ്മ കുടുംബം പോറ്റുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വിലാസ് കുഡാല്‍കര്‍ എന്നയാളാണ് വിഡിയോ എക്സില്‍ പങ്കുവച്ചത്. ഇനി ആ അമ്മയ്ക്ക് വിശ്രമിക്കാം എന്ന് വിഡിയോ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. അമ്മയുടെ കഷ്പ്പാടിന്‍റെ ഫലമാണിതെന്നും ഇങ്ങനെയൊരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയാണെന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍. രാജ്യസേവനത്തിന് തയാറെടുക്കുന്ന ഗോപാലിന് ആശംസകളും നേരുന്നുണ്ട് സൈബര്‍ലോകം. ഈ അമ്മയുടെയും മകന്‍റെ ഹൃദ്യമായ വിഡിയോ 12 മില്യണിലധികം ആളുകളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്.