കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ലിന്‍റോ ജോസഫ് എംഎൽഎ. ബിജെപി യുടെ സംസ്ഥാന അധ്യക്ഷന് തോന്നിയത് വിളിച്ചു പറയാനുള്ള ആളല്ല മുഹമ്മദ് റിയാസെന്ന് ലിന്റോ കുറിച്ചു. റിയാസ് ഈ നാടിൻ്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. ദേശീയപാത ഈ നിലയിൽ ആവാൻ വിയർപ്പൊഴുക്കിയ മനുഷ്യനാണ്. പ്രോട്ടോകോൾ സംബന്ധിച്ച് സാമാന്യ വിവരം ഇല്ലെങ്കിൽ അത് പഠിക്കാൻ നിങ്ങൾ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഉന്നമിട്ട് ലിന്റെ വ്യക്തമാക്കുന്നു.
റിയാസിനെ, മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത് കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്ന് മാലാ പർവതിയും പ്രതികരിച്ചു. മുഹമ്മദ് റിയാസ് കേരളത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത്, കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്നും മാല പാര്‍വതി കുറിച്ചു.
സംസ്ഥാന സർക്കാരിന്‍റെ തലവൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്നും ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. അതിനെതിരെയാണ് പലരും രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായെത്തിയത്.
പണി തീരാതെ ദേശീയ പാതയുടെ ഉദ്ഘാടനം വെയ്ക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. പണിയെല്ലാം പൂർത്തിയായ ശേഷം പ്രധാനമന്ത്രിക്ക് ദേശീയ പാത ഉദ്ഘാടനം ചെയ്താൽ പോരേ, ഇത് കേരളത്തിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. നാല് പില്ലർ മാത്രമിട്ടാൽ പാലമോ, അഞ്ച് കിലോമീറ്റർ റോഡിന്റെ ഒരു കിലോമീറ്റർ മാത്രം പണി തീർത്താൽ ആ റോഡോ ഇതുപോലെ ഉദ്ഘാടനം ചെയ്യുമോ എന്നും സതീശൻ പരിഹസിച്ചു.
ദേശീയ പാത ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും മറ്റ് ബന്ധപ്പെട്ട ആൾക്കാരെയും വിളിക്കണം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിളിക്കാത്തത് തെറ്റ് തന്നെയാണ്. അവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ലല്ലോ ഇവരെ വിളിക്കാതിരിക്കാൻ. പക്ഷേ പണി തീരാതെ ഈ ഉദ്ഘാടനം എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.