Image: X, @blrcitytraffic

Image: X, @blrcitytraffic

TOPICS COVERED

പുതുവര്‍ഷ രാത്രിയില്‍ കൂട്ടുകാര്‍ക്കിടയില്‍ അല്‍പം വ്യത്യസ്തനാവാന്‍ നോക്കിയതാണ്. ബെംഗളുരു ട്രാഫിക് പൊലീസ് പക്ഷേ വ്യത്യസ്തനെ നല്ലപോലെ കണ്ടറിഞ്ഞു സഹായിച്ചു. ന്യൂഇയര്‍ രാത്രിയില്‍ ബെംഗളുരു നഗരത്തില്‍ ഡ്രാഗണ്‍ കാറിറക്കി റേസിങ് നടത്തിയതിനു മലയാളി വിദ്യാര്‍ഥിക്കു ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത പിഴ ചുമത്തി.

കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥിക്കാണു കഴിഞ്ഞ പുതുവല്‍സരാഘോഷത്തിനിടെ മറക്കാനാവാത്ത അനുഭവമുണ്ടായത്. അള്‍ട്രേഷനും മോഡിഫിക്കേഷനും വരുത്തിയ ഹോണ്ട സിറ്റി കാര്‍ തീ തുപ്പി നഗരത്തിലൂടെ അതിവേഗത്തില്‍ ഓടിച്ചുപോയതു ട്രാഫിക് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുമെത്തിയതോടെയാണു കാര്‍ പിടികൂടാന്‍ ബെംഗളുരു നടപടി തുടങ്ങിയത്. 

വടക്കു കിഴക്കന്‍ ബെംഗളുരുവിലെ ഭാരതീയ സിറ്റിയില്‍ നിന്നാണു കാര്‍ കണ്ടെടുത്തത്. 2002 മോഡല്‍ ഹോണ്ട സിറ്റി കാറാണ് പിടിച്ചെടുത്തത്. അപകടത്തില്‍പ്പെട്ടു തകര്‍ന്ന കാര്‍ വെറും എഴുപതിനായിരം രൂപയ്ക്കാണു വിദ്യാര്‍ഥി വാങ്ങിയത്. പിന്നീട് ലക്ഷങ്ങള്‍ മുടക്കി അള്‍ട്രേഷനും മോഡിഫിക്കേഷനും നടത്തുകയായിരുന്നു. യാത്രക്കിടെ  സൈലന്‍സറില്‍ നിന്നു വ്യാളിയെപോലെ തീ തുപ്പുക, കാതടപ്പിക്കുന്ന ശബ്ദം കൊണ്ടു റോഡിലുള്ള മുഴുവന്‍ ആളുകളുടെയും ശ്രദ്ധ പിടിച്ചുപറ്റുക തുടങ്ങിയ മാറ്റങ്ങളാണു കാറില്‍ വരുത്തിയിരുന്നത്

ഇന്‍സ്റ്റാ റീലിലെ താരം–പരാതികളില്‍ കുടുങ്ങി

കണ്ണൂരിലെ നിരത്തുകളില്‍ ഈ കാര്‍ നേരത്തെ തന്നെ ശ്രദ്ധിക്കപെട്ടിരുന്നു. തീ തുപ്പുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ഉള്‍പെടുത്തിയുള്ള റേസിങ്, സ്റ്റണ്ടിങ് വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ റീലുകളായെത്തിയതോടെ കാറിന് ആരാധകരേറി. ബെംഗളരുരുവിലേക്കെത്തിച്ച കാര്‍ പുതുവല്‍സര രാവില്‍ നഗരത്തിലെ പ്രധാന നിരത്തുകളിലൂടെ കാതടപ്പിക്കുന്ന ശബ്ദവുമായി പാഞ്ഞത് പലരും ശ്രദ്ധിച്ചിരുന്നു. 

ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചു. പിറകെ ശബ്ദ ശല്യമാരോപിച്ചു വിവിധ ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നേരിട്ടും ഓണ്‍ലൈനായും ലഭിച്ചു. തുടര്‍ന്നായിരുന്നു പൊലീസ് ഓപ്പറേഷന്‍ ആരംഭിച്ചത്. 

ഭാരതിയ സിറ്റി ടൗണ്‍ ഷിപ്പില്‍ നിന്ന് ട്രാഫിക് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. കാര്‍ സ്റ്റേഷനിലെത്തിച്ചു നടത്തിയ പരിശോധയില്‍ ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. തുടര്‍ന്നു വൈറ്റ് ഫീല്‍ഡ് ആര്‍.ടി.ഒയ്ക്കു കൈമാറുകയായിരുന്നു. 1.11 ലക്ഷം രൂപയാണ് വിവിധ നിയമ ലംഘനങ്ങള്‍ക്കായി ചുമത്തിയത്. കൂടാതെ നിയമ വിരുദ്ധ അള്‍ട്രേഷനുകളും മോഡിഫിക്കേഷനും അഴിച്ചുമാറ്റി കാര്‍ ആര്‍.ടി.ഒയ്ക്കു മുന്‍പാകെ ഹാജരാക്കുകയും വേണം.

ENGLISH SUMMARY:

Bangalore Traffic Police fined a Kerala student for illegal car modifications. The student's modified Honda City, which featured dragon-like flames and loud noise, resulted in a hefty fine and the requirement to restore the car to its original condition.