തന്റെ ദൈനംദിന ജോലികള്‍ക്കിടയില്‍ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഡല്‍ഹിയില്‍ നടക്കുന്ന വിക്സിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2026 ഉദ്ഘാടന ചടങ്ങിനിടെ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്.
ചോദ്യോത്തര സെഷനിലാണ് താങ്കൾ മൊബൈൽ ഫോണോ ഇന്‍റര്‍നെറ്റോ ഉപയോഗിക്കാറില്ല എന്ന് ചില റിപ്പോർട്ടുകൾ കണ്ടിരുന്നല്ലോ, അത് ശരിയാണോ എന്ന് ഒരാള്‍ ചോദിച്ചത്. താന്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാറില്ലെന്ന വ്യക്തമാക്കിയ അദ്ദേഹം കുടുംബാംഗങ്ങളുമായോ മറ്റ് രാജ്യങ്ങളിലെ ആളുകളുമായോ സംസാരിക്കുന്നതു പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ താന്‍ മൊബൈല്‍ ഫോണും ഉപയോഗിക്കാറില്ലെന്ന് പറഞ്ഞു. ആശയവിനിമയത്തിന് ഫലപ്രദമായ മറ്റ് നിരവധി മാർഗങ്ങളുണ്ടെന്നും ഡോവല്‍ പറയുന്നു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് അജിത് ഡോവൽ. 1968 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ച ഡോവൽ 1968-ൽ ഐപിഎസിൽ ചേർന്നു. ധീരതയ്ക്ക് കീർത്തിചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. 1999ലെ കാണ്ഡഹാർ രക്ഷാദൗത്യം, 2016ൽ പാക്കിസ്ഥാനു നേരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക്, 2019ലെ ബാലാകോട്ട് ആക്രമണം എന്നീ ദൗത്യങ്ങളിലെല്ലാം അജിത് ഡോവൽ നിർണായക പങ്കാണ് വഹിച്ചത്.
20 വർഷമായി ചൈനയുമായുള്ള അതിർത്തി ചർച്ചകൾക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയുമാണ് ഡോവൽ. മോദിയുടെ വിശ്വസതനായ അദ്ദേഹം ദേശീയ സുരക്ഷ ഉപദേഷ്ടാവ് പദവിയിലെത്തും മുൻപ് ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്നു. 2024 ജൂണില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ കേന്ദ്രം പുനർനിയമിക്കുകയായിരുന്നു.