‘ദൈവം ഞങ്ങളെ പത്തു വര്‍ഷത്തിനു ശേഷം അനുഗ്രഹിച്ചു, ഇപ്പോള്‍ ആ അനുഗ്രഹം തിരിച്ചെടുത്തു’, ഇന്‍ഡോറിലെ ഭഗീരത്പുരയിലെ വീട്ടിലിരുന്ന് ഒരു മുത്തശ്ശി വിലപിക്കുകയാണ്. അഞ്ചുമാസം മാത്രം പ്രായമായ കുഞ്ഞിന്റെ ചലനമറ്റ ശരീരം കണ്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് ആ കുടുംബം.
പ്രസവശേഷം അമ്മയ്ക്ക് ചില ശാരീരിക പ്രശ്നങ്ങളുള്ളതിനാല്‍ മുലപ്പാലില്ലായിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം കുഞ്ഞിന് പാക്കറ്റ്പാല്‍ കൊടുക്കാന്‍ കുടുംബം തീരുമാനിച്ചത്. കട്ടിയായ പാല്‍ അതുപോലെ കൊടുക്കേണ്ടെന്ന് കരുതി വീട്ടിലെത്തുന്ന പൈപ്പുവെള്ളവും അല്‍പം ചേര്‍ത്താണ് കുഞ്ഞിനു നല്‍കിയത്.
പൈപ്പുവെള്ളത്തെയാണ് ആ പ്രദേശത്തുള്ള കുടുംബങ്ങളെല്ലാം ആശ്രയിക്കുന്നത്. അതേ വെള്ളമാണ് അവ്യാന്‍ എന്ന കുഞ്ഞിന്റെ ജീവനെടുത്തത്. മലിനമായ വെള്ളംകുടിച്ച് ഈ മേഖലയില്‍ നിരവധി പേരാണ് മരിച്ചത്. കൊറിയര്‍ കമ്പനി ജീവനക്കാരനായ സുനില്‍ സാഹുവിനും ഭാര്യയ്ക്കും പത്തുവര്‍ഷത്തെ പ്രാര്‍ഥനകള്‍ക്കും കാത്തിരിപ്പിനും ശേഷമാണ് ജൂലൈ എട്ടിന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്.
ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞിന് രണ്ടു ദിവസം മുന്‍പാണ് പനിയും വയറിളക്കവും വന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഞായറാഴ്ച്ച രാത്രി രോഗാവസ്ഥ കൂടി, തിങ്കളാഴ്ച്ച പുലര്‍ച്ചെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടി മരിച്ചു.
വെള്ളത്തിന്റെ അവസ്ഥയെക്കുറിച്ച് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ശുദ്ധീകരിച്ച ശേഷമാണ് ഉപയോഗിച്ചിരുന്നതെന്നും സുനില്‍ സാഹു പറയുന്നു. അയല്‍ക്കാരെല്ലാം ഇതേ വെള്ളമാണ് ഉപയോഗിക്കുന്നത്, ആരും പ്രത്യേക ജാഗ്രതാ നിര്‍ദേശമോ മുന്നറിയിപ്പോ നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. നര്‍മദ പൈപ്പുവെള്ളമാണ് കുടുംബം ഉപയോഗിക്കുന്നതെന്നും സുനില്‍ സാഹു വ്യക്തമാക്കി.