കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടേയും റോബര്‍ട്ട് വദ്രയുടേയും മകന്‍ റെയ്ഹാന്‍ വദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഏഴു വര്‍ഷമായി പ്രണയത്തിലായിരുന്ന കൂട്ടുകാരി അവിവ ബെയ്ഗാണ് വധു. റെയ്ഹാന്‍ അവിവയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതും അവിവ വിവാഹസമ്മതം അറിയിച്ചതും നേരത്തേ വാര്‍ത്തയായിരുന്നു.
25കാരനായ റെയ്ഹാന്റേയും അവിവയുടേയും ബന്ധത്തിന് ഇരുകുടുംബങ്ങളും സമ്മതം നല്‍കിയതോടെയാണ് വിവാഹനിശ്ചയം നടന്നത്. ഡല്‍ഹിയിലാണ് അവിവയും കുടുംബവും താമസിക്കുന്നത്. ഇരു കുടുംബങ്ങളും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പത്താം വയസ്സ് മുതൽ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ വദ്ര. വന്യജീവി, നഗരം, കൊമേഴ്സ്യൽ ഫോട്ടോഗ്രാഫി എന്നിവയാണ് റെയ്ഹാന്റെ പോർട്ട്‌ഫോളിയോയിലെ പ്രധാന വിഷയങ്ങള്‍.
അമ്മ പ്രിയങ്ക ഗാന്ധിയുടെ പ്രോത്സാഹനമാണ് റെയ്ഹാന് കുട്ടിക്കാലം മുതലേ ഫോട്ടോഗ്രാഫിയോടുള്ള താൽപ്പര്യത്തിന് കാരണം. മുത്തശ്ശനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയും ഫോട്ടോഗ്രാഫിയില്‍ അതീവതല്‍പരനായിരുന്നു. രാജീവിന്റെ ചിത്രങ്ങളും റെയ്ഹാന്റെ പഠനവിഷയങ്ങളായിരുന്നു. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് റെയ്ഹാന്റെ കൂട്ടുകാരി അവിവ ബെയ്ഗ്.
2021ല്‍ ‘ഡാര്‍ക് പെര്‍സെപ്ഷന്‍’എന്ന പേരില്‍ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ റെയ്ഹാന്‍ ഒരു ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. 2017ല്‍ സ്കൂളില്‍ കളിക്കുന്നതിനിടെ കണ്ണിനു പരുക്കേറ്റ റെയ്ഹാന്റെ പിന്നീടുള്ള കാഴ്ചകളും നിലപാടുകളുമാണ് ഈ പ്രദര്‍ശനത്തിലേക്കെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Google Trending Topic,Aviva Baig