condom-image-ai

ഐ ഫോണ്‍ മുതല്‍ പാലും പച്ചക്കറിയും കറിവേപ്പിലയും വരെ വാങ്ങാന്‍ ഇക്കാലത്ത് ഓണ്‍ലൈന്‍ വിതരണ ശൃംഖലകളെ ആളുകള്‍ ആശ്രയിക്കാറുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഉപഭോക്താവ് ഇന്‍സ്റ്റമാര്‍ട്ട് വഴി ഒരു വര്‍ഷം ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് കോണ്ടം വാങ്ങിയതാണ് അക്കൂട്ടത്തിലെ കൗതുക വാര്‍ത്ത. വാര്‍ഷിക കണക്കുകള്‍ പുറത്തുവിട്ടപ്പോഴാണ് സ്വിഗ്ഗി ഇക്കാര്യം വ്യക്തമാക്കിയത്. 

പുരുഷനാണോ, സ്ത്രീയാണോ കോണ്ടം വാങ്ങിയതെന്ന് സ്വിഗ്ഗി വെളിപ്പെടുത്തിയിട്ടില്ല. 228 പ്രാവശ്യമാണ് ഓര്‍ഡര്‍ ചെയ്തതെന്നും 1,06,398  രൂപയാണ് ചെലവഴിച്ചതെന്നും കണക്കുകള്‍ പറയുന്നു. ഇന്‍സ്റ്റമാര്‍ട്ടില്‍ ഏറ്റവുമധികം വിറ്റുപോകുന്ന വസ്തുക്കളിലൊന്ന് കോണ്ടമാണ്. ഓരോ 127 ഓര്‍ഡറുകളിലും ഒന്ന് കോണ്ടമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്ക്. സെപ്റ്റംബറില്‍ കോണ്ടം വില്‍പ്പനയില്‍ 24 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്‍സ്റ്റമാര്‍ട്ടില്‍ സാധനം വാങ്ങിയവരില്‍ ഏറ്റവും അധികം തുക ചെലവഴിച്ചത് ബെംഗളൂരു സ്വദേശിയാണ്. 4.3 ലക്ഷം രൂപ നല്‍കി മൂന്ന് ഐ ഫോണുകളാണ് വാങ്ങിയത്. നോയിഡ സ്വദേശിയാവട്ടെ 2.69 ലക്ഷം രൂപ മുടക്കി ബ്ലൂ ടൂത്ത് സ്പീക്കറും, മെമ്മറി കാര്‍ഡുകളും റൊബോട്ടിക് വാക്വവും വാങ്ങി. അരുമനായ്ക്കള്‍ക്കുള്ള ഭക്ഷണം വാങ്ങാന്‍ മാത്രം ചെന്നൈ സ്വദേശിയായ മറ്റൊരാള്‍ ചെലവഴിച്ചത് 2.41 ലക്ഷം രൂപയാണ്. വാങ്ങാന്‍ മാത്രമല്ല, സാധനങ്ങളുമായി എത്തുന്ന ഡെലിവറി ഏജന്‍റുമാരോട് സ്നേഹത്തോടെ പെരുമാറി ടിപ് നല്‍കിയവരില്‍ ബെംഗളൂരുവാണ് മുന്നില്‍. 68,600 രൂപയാണ് ബെംഗളൂരുക്കാര്‍ ടിപ്പിനായി മാത്രം ചെലവഴിച്ചത്.

ENGLISH SUMMARY:

Swiggy Instamart's annual report reveals a surprising trend where a user from Chennai spent ₹1,06,398 on condoms across 228 orders in a single year. The report also highlights massive spends on iPhones, pet food, and significant tipping habits in cities like Bengaluru and Noida. Condom sales on Instamart saw a 24% spike in September alone.