Image: x.com/eshaniverma809
സ്കൂള്‍ വാന്‍ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എത്താത്തിലുള്ള പത്ത് വയസുകാരിയുടെ പ്രതിഷേധമാണ് ശ്രദ്ധേയമാകുന്നത്. മധ്യപ്രദേശിലെ ബേതുൽ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സ്കൂൾ വാൻ എത്താത്തതിൽ പ്രതിഷേധിച്ച് 10 വയസ്സുകാരി റോഡ് ഉപരോധിച്ചതിനെ തുടർന്ന് ഗതാഗതം വരെ സ്തംഭിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അഡ്മിഷന്‍ ലഭിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ സുരഭി യാദവാണ് ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
തന്റെ സ്കൂൾ ബാഗ് മുറുകെ പിടിച്ച് റോഡിന്റെ നടുവിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേവലം മിനിറ്റുകളല്ല, മൂന്ന് മണിക്കൂറാണ് സുരഭി റോഡിന് നടുവില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. കുട്ടി അനങ്ങാന്‍ പോലും വിസമ്മതിച്ചതോടെ, ഇരുവശത്തുനിന്നുമെത്തിയ വാഹനങ്ങള്‍ കാത്തുനിന്നു. ഡ്രൈവർമാർ നോക്കിനിന്നു. ദിവസവും ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാണ് സുരഭി തന്‍റെ സ്കൂളിലെത്തിയിരുന്നത്. പഠിക്കാനുള്ള ആഗ്രഹം മാത്രമാണ് സുരഭിയെ മുന്നോട്ട് നയിച്ചിരുന്നത്. ‘അവൾ ഉച്ചത്തിൽ കരയുകയോ ബഹളമുണ്ടാക്കുകയോ ചെയ്തില്ല. അവൾ അവിടെ ഇരുന്നു. സ്കൂളിൽ പോകണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു’ കാഴ്ചക്കാരില്‍ ഒരാള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി സുരഭിയുടെ കുടുംബം സ്കൂള്‍ വാനിന്‍റെ ഫീസ് അടച്ചില്ലെന്നും തുടർന്ന് സ്കൂൾ മാനേജ്മെന്റ് വാൻ സർവീസ് നിർത്തലാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. പല തവണ ഫീട് അടച്ചിട്ടില്ലെന്ന് ഓര്‍മിപ്പിച്ചെങ്കിലും എല്ലാം കുടുംബം അവഗണിച്ചതായും സ്കൂള്‍ മാനേജ്മെന്‍റ് പറയുന്നു. അതേസമയം, സുരഭിയുടെ അമ്മ ആശ യാദവ് സ്കൂളിന്റെ അവകാശവാദങ്ങൾ നിഷേധിക്കുന്നുണ്ട്. ‘എന്റെ മകൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് പ്രവേശനം ലഭിച്ചത്. എന്നാല്‍ സ്കൂൾ അധികൃതർ ഒരു വർഷത്തോളം അവളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. നവംബറിൽ വെറും 28 ദിവസം മാത്രമേ പഠിക്കാൻ അനുവദിച്ചുള്ളൂ. പിന്നാലെ വീണ്ടും അവളുടെ യാത്രമുടക്കി. ഇന്ന് അവർ അവളെ വഴിയിൽ ഉപേക്ഷിച്ചു’ സുരഭിയുടെ അമ്മ ആശ പറയുന്നു.
സുരഭിയുടെ പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടതോടെ റോഡില്‍ ഗതാഗത തടസ്സമുണ്ടാകുകയും വിവരം ലഭിച്ചതിനെത്തുടർന്ന് ചിച്ചോളി പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി. കുട്ടിയുമായി സംസാരിച്ച ഉദ്യോഗസ്ഥര്‍ സ്കൂൾ മാനേജ്മെന്റുമായി സംസാരിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് ഏകദേശം മൂന്ന് മണിക്കൂറിനുശേഷം സുരഭി പ്രതിഷേധം അവസാനിച്ച് റോഡില്‍ നിന്നും എഴുന്നേറ്റത്. അതേസമയം കുട്ടിയെ സ്‌കൂളിൽ അയയ്ക്കുന്നത് മാതാപിതാക്കൾ സ്വമേധയാ നിർത്തിയതായാണ് നിലവില്‍ സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നത്.