ഭാഗ്യം വരുന്ന വഴിയേതാണ്? മധ്യപ്രദേശില്‍ നിന്നുള്ള രണ്ട് സുഹൃത്തുക്കള്‍ക്ക് അതിന് ഒരുത്തരമുണ്ട് ഇന്ന്. നാടോടി കഥകളിലിലേതുപോലെ മണ്ണില്‍ നിന്നും നിധി കിട്ടിയ പോലൊരു കഥ. മധ്യപ്രദേശിലെ പന്നയിലാണ് സംഭവം. പിന്നാലെ ഒറ്റരാത്രികൊണ്ട് ഇരുവരുടേയും ജീവിതം തന്നെയാണ് മാറി മറഞ്ഞത്. പന്നയിലെ ആളുകൾ എപ്പോളും പറയാറുള്ള ഒരു ചൊല്ലുണ്ട് ‘ഭാഗ്യം മണ്ണിൽ ഒളിഞ്ഞിരിക്കുന്നുണ്ട്, അത് തിരിച്ചറിയാൻ കണ്ണുകളും അതിൽ വിശ്വാസവും മാത്രമേ ആവശ്യമുള്ളൂ’. മധ്യപ്രദേശിലെ ഈ സുഹൃത്തുക്കളുടെ കഥ പറയുന്നതും അതാണ്.
24 കാരനായ സതീഷ് ഖാതിക്കും 23 കാരനായ സാജിദ് മുഹമ്മദുമാണ് ഈ കഥയിലെ നായകര്‍. കാലങ്ങളായി കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങളുടെ ഭാരം ചുമക്കുന്നവര്‍. കുടുംബത്തിലെ ഇളയ സന്താനങ്ങള്‍. സതീഷ് ഒരു ഇറച്ചിക്കട നടത്തുകയായിരുന്നു. സാജിദാകട്ടെ പഴങ്ങൾ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ചെറിയൊരു ഭാഗ്യം പ്രതീക്ഷിച്ചാണ് ആഴ്ചകൾക്ക് മുമ്പ് പന്നയിലെ കൃഷ്ണ കല്യാൺപൂർ പ്രദേശത്ത് ഒരു ചെറിയ ഖനി അവര്‍ പാട്ടത്തിനെടുത്തത്. വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് കുറയ്ക്കാന്‍ മാത്രം ഒരു ചെറിയ വജ്രം കിട്ടിയാല്‍ മതിയെന്നേ അവര്‍ ആശിച്ചിരുന്നുള്ളൂ. പക്ഷേ കാലം അവര്‍ക്കായി ആ മണ്ണിനടിയില്‍ ഒരു അദ്ഭുതം കരുതിവച്ചിരുന്നു.
വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞോ അല്ലെങ്കില്‍ പകല്‍ സമയം ലഭിക്കുമ്പോളോ അവധി ദിവസങ്ങളിലോ ആയിരുന്നു വജ്രത്തിനായി ഇരുവരും തിരഞ്ഞിരുന്നത്. തലമുറകളായി ഇരുവരുടേയും കുടുംബം വജ്രത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. തന്റെ അച്ഛനും മുത്തച്ഛനും പതിറ്റാണ്ടുകളായി പലയിടങ്ങളിലും കുഴിച്ചെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സാജിദ് പറയുന്നു. ഭൂമി പാട്ടത്തിനെടുത്ത് എടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, കുഴിക്കുമ്പോൾ മണ്ണിൽ എന്തോ തിളങ്ങുന്നതായി ഇരുവരും കണ്ടു. ആദ്യം, അവരതിനെ ഒരു സാധാരണ കല്ലായി തള്ളിക്കളഞ്ഞു. ആ കല്ലില്‍ സൂര്യപ്രകാശം പതിക്കുന്നതുവരെ. പിന്നെയുണ്ടായ കാഴ്ച ഇരുവര്‍ക്കും വിശ്വസിക്കാനായില്ല. കാരണം അവരുടെ കണ്ണുകളിൽ തിളങ്ങി നിന്നത് 15.34 കാരറ്റ് വജ്രമായിരുന്നു. പ്രകൃതിദത്ത വജ്രങ്ങളിൽ ഏറ്റവും മികച്ച ഒന്ന്.
പിന്നാലെ ഇരുവരും വജ്രവുമായി പന്ന ഡയമണ്ട് ഓഫീസിലെത്തി. ഉദ്യോഗസ്ഥന്‍ രവി പട്ടേലാണ് മൂല്യം സ്ഥിരീകരിച്ചത്. 50 ലക്ഷത്തിലധികം രൂപ! ഇത് കേട്ട സതീഷും സാജിദും സംഭവിക്കുന്നത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നുപോലും ഒരുനിമിഷം ചിന്തിക്കാനായില്ല. എന്തായാലും വരാനിരിക്കുന്ന ലേലത്തിൽ വജ്രം വിൽക്കാനിരിക്കുകയാണ് ഇരുവരും. ഇന്ത്യയിലും വിദേശത്തുമുള്ള വ്യാപാരികള്‍ ലേലത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ലഭിക്കുന്ന പണം തുല്യമായി വിഭജിക്കാൻ സതീഷും സാജിദും തീരുമാനിട്ടിട്ടുണ്ട്. തങ്ങളുടെ സഹോദരിമാരുടെ വിവാഹം നടത്തുകയാണ് ആദ്യം ലക്ഷ്യമെന്ന് ഇരുവരും പറയുന്നു. ബാക്കി പണം ഉപയോഗിച്ച് കച്ചവടം വികസിപ്പിക്കാനാണ് പദ്ധതി.
ഇന്ത്യയിലെ വജ്ര വേട്ടക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനമാണ് പന്ന. മിക്ക നാട്ടുകാരും വജ്രത്തില്‍ ഭാഗ്യപരീക്ഷണം നടത്തുന്നവരാണ്. മിക്ക ഖനികളും സർക്കാരാണ് നടത്തുന്നതെങ്കിലും അധികാരികൾ എല്ലാ വർഷവും തദ്ദേശീയർക്ക് ചെറിയ പ്ലോട്ടുകൾ നാമമാത്ര നിരക്കിൽ പാട്ടത്തിന് നൽകാറുണ്ട്. ഈ പ്ലോട്ടുകളിലാണ് ഭാഗ്യപരീക്ഷണം. വജ്രങ്ങൾക്കായി തിരയുന്നത് എളുപ്പമുള്ള കാര്യവുമല്ല. കൈകൊണ്ട് തിരഞ്ഞും കുഴിച്ചും മണ്ണ് അരിച്ചും കഴുകിയും ആയിരക്കണക്കിന് ചെറിയ കല്ലുകൾ ശ്രദ്ധാപൂർവ്വം അരിച്ചുപെറുക്കിയുമാണ് വജ്രം തിരയുന്നത്. എന്നാൽ മിക്കവരും വെറും കയ്യോടെയാണ് മടങ്ങാറുള്ളതും. അതേസമയം, ഭാഗ്യം കുഴിച്ചെടുത്തവരുടെ കഥകളുമുണ്ട്. 2018ല്‍ കൃഷിഭൂമി ഉഴുതു മറിക്കുന്നതിനിടെ പന്നയില്‍ നിന്നും 12.58 കാരറ്റ് വജ്രങ്ങള്‍ കര്‍ഷകന് ലഭിച്ചിരുന്നു. അന്ന് 30 ലക്ഷത്തോളമായിരുന്നു അവയുടെ മൂല്യം.