AI Generated Image
മധ്യപ്രദേശിലെ രേവ ജില്ലയിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. രേവ-റായ്പൂർ റോഡിൽ കോഷ്ട ഗ്രാമത്തിന് സമീപം അതിവേഗത്തിൽ വന്ന ഔഡി കാർ ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിന് പിന്നിൽ ഇടിക്കുകയായിരുന്നു.
കുടുംബത്തിലെ മൂത്ത മകന്റെ വിവാഹത്തിന് മുന്നോടിയായി, ആദ്യത്തെ ക്ഷണക്കത്ത് ക്ഷേത്രത്തിലെ ദൈവത്തിന് സമർപ്പിക്കുന്ന ചടങ്ങിനായി പോവുകയായിരുന്നു ഇവർ. ഈ മാസം അവസാനമാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഭഗവത് വിശ്വകർമ്മ, അദ്ദേഹത്തിന്റെ ഇളയ മകൻ രാഹുൽ, കൂടെയുണ്ടായിരുന്ന മറ്റൊരു ബന്ധു എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ചിർഹുല നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. അപകടത്തിന്റെ ആഘാതത്തിൽ മോട്ടോർ സൈക്കിൾ പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്തുനിന്ന് വിവാഹക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അപകടമുണ്ടാക്കിയ ഔഡി കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അമിതവേഗതയാണോ അപകടകാരണമെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള വിശദമായ അന്വേഷണം നടന്നുവരികയാണ്.