TOPICS COVERED

സമഗ്രവോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിനകവും പുറവും. മകര കവാടത്തിലെ പ്രതിഷേധത്തിന് ശേഷം എത്തിയ പ്രതിപക്ഷാംഗങ്ങള്‍ ലോക്സഭയിലും രാജ്യസഭയിലും നടുത്തളത്തില്‍ തുടര്‍ന്നതോടെ നടപടികള്‍ തടസപ്പെട്ടു. ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം പ്രതിഷേധം തുടരുന്നത് തിരഞ്ഞെടുപ്പ് തോല്‍വിയിലെ രോഷപ്രകടനമാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു  വിമര്‍ശിച്ചു.

ശീതകാല സമ്മേളത്തിന്റെ രണ്ടാം ദിനം ആരംഭിച്ചത് പ്രതിപക്ഷത്തിന്റെ മകര കവാടത്തിലെ പ്രതിഷേധത്തോടെ. എസ്ഐആര്‍  നടപടികള്‍ നിര്‍ത്തിവക്കണമെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നടത്തണമെന്നുമുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തിലെ മകര കവാടത്തിലെ പ്രതിഷേധത്തിന് ശേഷം ഇരുസഭകളിലെത്തിയും മുദ്രാവാക്യം വിളി തുടര്‍ന്നു. 

പ്രതിഷേധം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ളയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും  പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പ്രതിപക്ഷം ആവശ്യപ്പെടും പോലെ ചര്‍ച്ചയുടെ സമയം അറിയിക്കണമെങ്കില്‍ എല്ലാ പാര്‍ട്ടികളുമായും കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും അതിന് കാത്ത് നില്‍ക്കാതെ തിരഞ്ഞെടുപ്പ് തോല്‍വിയിലെ രോഷം സഭകളില്‍ തീര്‍ക്കുന്നത് ശരിയല്ലെന്നും കിരണ്‍ റിജിജു ഇരു സഭകളിലും വിമര്‍ശിച്ചു

രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം വാഗ്വാദത്തില്‍ കലാശിച്ചു. ചര്‍ച്ച നടത്തും എന്ന് പറഞ്ഞൊതുക്കാതെ എപ്പോള്‍ നടത്തുമെന്നാണ് വ്യക്തമാക്കേണ്ടതെന്നും രാജ്യസഭാധ്യക്ഷന്‍ ഭരണപക്ഷത്തേക്ക് മാത്രം തിരിഞ്ഞിരിക്കുന്ന ആളാകരുത് എന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത് ഭരണപക്ഷ രോഷത്തിനിടയാക്കി. പ്രതിപക്ഷ അംഗങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട രാജ്യസഭാധ്യക്ഷന്‍ സി പി രാധാകൃഷ്ണന്‍ പല തവണ ക്ഷുഭിതനായി.

ENGLISH SUMMARY:

Voter list protest disrupts Parliament proceedings. The opposition's protests over voter list revisions led to disruptions in both Lok Sabha and Rajya Sabha, prompting criticism from the government.