വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ നവവധു മിനിറ്റുകൾക്കുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലാണ് സംഭവം. ഭർതൃ വീട്ടുകാരും നാട്ടുകാരും സ്വന്തം വീട്ടുകാരും ആവശ്യപ്പെട്ടിട്ട് പോലും യുവതി തന്‍റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. ഒടുവിൽ ഇരുവരുടെയും മണിക്കൂറുകൾക്ക് മുമ്പ് മാത്രം നടന്ന വിവാഹം അസാധുവായതായി പഞ്ചായത്ത് പ്രഖ്യാപിച്ചു.
നവംബർ 25 നായിരുന്നു വിശാലിന്‍റെയും പൂജയുടെയും വിവാഹം. അന്ന് വൈകീട്ട് ഏഴ് മണിയോടെ വരനും സംഘവും അടങ്ങിയ വിവാഹ ഘോഷയാത്ര വധുവിന്‍റെ വീട്ടിലെത്തി. രാത്രി വധു ഗൃഹത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടത്തി. പിന്നാലെ വരന്‍റെ കുടുംബത്തോടൊപ്പം വധു തന്‍റെ പുതിയ വീട്ടിലേക്ക് മടങ്ങി.
വരന്‍റെ വീട്ടിലെത്തിയ വധു, മണിയറയിലേക്ക് കയറി 20 മിനിറ്റിന് ശേഷം ഇറങ്ങിവന്നു. പിന്നാലെ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. 'എന്‍റെ മാതാപിതാക്കളെ വിളിക്കൂ. ഞാൻ ഇവിടെ താമസിക്കില്ല.' എന്നായിരുന്നു വധു ആവർത്തിച്ച് കൊണ്ടിരുന്നത്.
ബഹളമായതോടെ നാട്ടുകാരും വീട്ടുകാരും ഒത്തുകൂടി. എന്താണ് കാര്യം എന്ന് ചോദിച്ചിട്ടും പെൺകുട്ടി മറുപടി പറഞ്ഞില്ല. ഒടുവിൽ പഞ്ചായത്ത് ഇടപെട്ട് വിവാഹം അസാധുവായതായി പ്രഖ്യാപിക്കുകയായിരുന്നു.