Image Credit : Twitter (X)
നവദമ്പതികളെ അനുഗ്രഹിക്കാന്‍ ബിജെപി നേതാക്കളൊന്നിച്ച് വേദിയില്‍ എത്തിയതോടെ സ്റ്റേജ് തകര്‍ന്ന് അപകടം. വരനും വധുമടക്കം എല്ലാവരും സ്റ്റേജ് തകര്‍ന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് വിവാഹവേദി ഭാരം താങ്ങാനാകാതെ നിലംപൊത്തിയത്.
ബിജെപി നേതാവ് അഭിഷേക് സിങ്ങിന്‍റെ സഹോദരന്‍റെ വിവാഹത്തിലാണ് ബിജെപി നേതാക്കള്‍ ഒന്നിച്ച് വേദിയില്‍ കയറിയത്. ബിജെപി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സഞ്ജയ് മിശ്ര, മുന്‍ എംപി ഭരത് സിങ്, വിശ്രം സിങ് എന്നിവരാണ് ആദ്യം വേദിയിലെത്തിയത്. മൂവരും വധുവിനെയും വരനെയും അനുഗ്രഹിച്ച് ആശംസകള്‍ നേര്‍ന്ന് ഫോട്ടോ എടുക്കാന്‍ പോകുന്നതിനിടെ മറ്റ് ബിജെപി നേതാക്കള്‍ കൂടി വേദിയിലേക്ക് കയറുകയായിരുന്നു.
എല്ലാവരും ചേര്‍ന്ന് ഒന്നിച്ച് ഫോട്ടോ എടുക്കാന്‍ തുടങ്ങിയതും സ്റ്റേജ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. ഏകദേശം 14ഓളം പേര്‍ ഒന്നിച്ച് വേദിയിലെത്തിയതാണ് സ്റ്റേജ് തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകാര്‍. പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച വിവാഹവേദി രാംലീല മൈതാനിയിലാണ് ഒരുക്കിയിരുന്നത്. ഇത്രയധികം പേര്‍ ഒന്നിച്ച് വേദിയില്‍ കയറുന്നതും തൊട്ടുപിന്നാലെ സ്റ്റേജ് തകര്‍ന്ന് താഴേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. അതേസമയം അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടിലെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.