ദുബായിലെ എയര്‍ ഷോയ്ക്കിടെ മകന്‍ പറത്തിയ ഇന്ത്യയുടെ തേജസ് വിമാനം തകര്‍ന്നത് പിതാവ് കണ്ടത് യുട്യൂബിലൂടെ. തലേദിവസം തന്നെ വിങ് കമാൻഡർ നമാംശ് സ്യാൽ അച്ഛനെ വിളിച്ച് തന്റെ പ്രകടനം കാണണമെന്ന് അറിയിച്ചിരുന്നു. യുട്യൂബിലൂടെയോ ടിവി ചാനലിലൂടെയോ കാണാമെന്നായിരുന്നു മകന്‍ പറഞ്ഞത്. അതനുസരിച്ച് അച്ഛന്‍ നോക്കിയിരുന്നു. പക്ഷേ കണ്ടത്....മകന്റെ വീരമൃത്യു.
ഹിമാചല്‍പ്രദേശിലെ കങ്ക്രയിലെ കുടുംബാംഗങ്ങളെല്ലാം നോക്കിയിരുന്നു നമാംശിന്റെ വ്യോമപ്രകടനം കാണാന്‍. യുട്യൂബിലാണ് താന്‍ വിഡിയോ തിരഞ്ഞുകണ്ടുപിടിച്ചതെന്ന് പിതാവ് ജഗന്നാഥ് സ്യാല്‍ ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തി. വിഡിയോ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടതെല്ലാം ചില തീഗോളങ്ങളുടെ ചിത്രങ്ങളും വിഡിയോകളും. ഇതോടെ കാര്യമറിയാതെ ആ പിതാവ് വിങ് കമാന്‍ഡര്‍ കൂടിയായ മരുമകളെ വിളിച്ചു കാര്യമന്വേഷിക്കാന്‍ ആലോചിച്ചു. അധികനേരമായില്ല, വ്യോമസേനാ ഉദ്യോഗസ്ഥർ വീട്ടിലെത്തി. മകന് നിര്‍ഭാഗ്യമെന്തോ സംഭവിച്ചെന്ന് അതോടെ മനസിലായെന്നും ജഗന്നാഥ് സ്യാല്‍ പറയുന്നു.
നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലേക്കു കൊണ്ടുപോകും. സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാംഗ്ര സ്വദേശിയായ നമാംശ് ഹിമാചലിലെ പ്രാദേശിക സ്കൂളിലായിരുന്നു പഠനമാരംഭിച്ചത്. 2009ൽ വ്യോമസേനയിൽ ചേർന്നു. ഭാര്യ അഫ്സാൻ കൊൽക്കത്തയിൽ പരിശീലനത്തിലായിരുന്നു. മകൾ: ആര്യ (7). രണ്ടാഴ്ച മുൻപാണ് മാതാപിതാക്കൾ നമാംശ് ജോലി ചെയ്യുന്ന കോയമ്പത്തൂരിലെത്തിയത്.