സ്ത്രീകള്‍ വിവാഹത്തിലും പ്രസവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ കരിയറില്‍ ശ്രദ്ധിക്കണമെന്ന നടന്‍ രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേലയുടെ ഉപദേശത്തിനെതിരെ വിമര്‍ശനം. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണമെന്നും സാമ്പത്തികമായി സ്വതന്ത്രരാകുമ്പോള്‍ മാത്രം വിവാഹത്തെക്കുറിച്ചും മറ്റും ആലോചിച്ചാല്‍ മതിയെന്നുമാണ് ഉപാസന സ്ത്രീകളെ ഉപദേശിക്കുന്നത്.
ഐഐടി ഹൈദരാബാദില്‍ സ്ത്രീകള്‍ക്കായി നടത്തിയ പരിപാടിക്കിടെയായിരുന്നു ഉപാസനയുടെ വാക്കുകള്‍. ഈ അഭിപ്രായത്തിനെതിരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ‘സ്ത്രീകളുടെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് എന്നുപറയുന്നത് അണ്ഡം ശീതീകരിക്കാമെന്നതാണ്, കരിയറില്‍ ശ്രദ്ധിച്ച് സാമ്പത്തികമായി ഒറ്റയ്ക്കു നില്‍ക്കാനാകുമ്പോള്‍ വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ചിന്തിക്കാം. എത്ര പേര്‍ക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ചോദിച്ചപ്പോള്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് താല്‍പര്യം പ്രകടിപ്പിച്ചത്.’–എന്നായിരുന്നു ഉപാസനയുടെ വാക്കുകള്‍. വിഡിയോ എക്സ് പ്ലാറ്റ്ഫോമിലും പങ്കുവച്ചിട്ടുണ്ട്.
സ്ത്രീകളുടെ പുതിയ നിലപാടുകളും ചിന്തകളും ഇന്ത്യയുടെ പുരോഗതിയുടെ ഉദാഹരണങ്ങളാണെന്നും ഉപാസന പറയുന്നു. അതേസമയം മനുഷ്യന്റെ ജീവശാസ്ത്രം കരിയര്‍ ടൈംലൈന്‍ നോക്കിനില്‍ക്കുന്നതല്ലെന്നാണ് ചില ഡോക്ടര്‍മാരുടെ അഭിപ്രായം. കോടികള്‍ ബാങ്കിലുള്ളവര്‍ക്ക് അണ്ഡം ശീതീകരിക്കാനും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ടാവില്ലെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. അണ്ഡം ശീതീകരിക്കാനും ഐവിഎഫ് ചികിത്സയ്ക്കും ലക്ഷങ്ങള്‍ ആവശ്യമാണെന്നും ഇതൊന്നും സാധാരണക്കാര്‍ക്ക് പറ്റിയതല്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചയ്ക്ക് ചൂടേറ്റുന്നു.
ഗര്‍ഭധാരണം ഇരുപതുകളില്‍ ലളിതവും, മുപ്പതുകളില്‍ ദുര്‍ബലവും, നാല്‍പ്പതുകളില്‍ അങ്ങേയറ്റം മോശവുമായിരിക്കുമെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ സുനിത സയ്യമ്മഗാരുവും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. ശീതീകരിച്ചുവച്ച അണ്ഡം വേണ്ടത്ര റിസല്‍ട്ട് തരുമോയെന്ന കാര്യത്തില്‍ ഒരു ഗ്യാരന്റിയും ഇല്ലെന്നും ഇന്‍ഷൂറന്‍സ് എന്നുപറയുന്നത് അബദ്ധമാണെന്നും ഡോക്ടര്‍ സുനിത അഭിപ്രായപ്പെടുന്നു.
അംഗീകാരങ്ങളും വിമര്‍ശനങ്ങളും ഒരേപോലെ സ്വീകരിക്കുന്നുവെന്നും തന്റെ വാക്കുകള്‍ക്കു പിന്നാലെ വന്ന ആരോഗ്യകരമായ ചര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും ഉപാസന വിമര്‍ശനങ്ങളോട് പ്രതികരിച്ചു. അപ്പോളോ ആശുപത്രിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി വൈസ് ചെയര്‍പേഴ്സണാണ് ഉപാസന. 2012ല്‍ വിവാഹിതരായ ഉപാസന–രാം ചരണ്‍ ദമ്പതികള്‍ക്ക് 2023ലാണ് മകള്‍ പിറന്നത്. ദമ്പതികള്‍ ഇരട്ടക്കുട്ടികള്‍ക്കായുള്ള കാത്തിരിപ്പിലാണെന്നും വാര്‍ത്തകളുണ്ട്.