സിഡ്‌നിയിൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യൻ വംശജയായ സാമൻവിത ധരേശ്വറും അവരുടെ ഗർഭസ്ഥ ശിശുവും മരിച്ചു. എട്ട് മാസം ഗർഭിണിയായിരുന്ന സാമൻവിത ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോൺസ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്.
സമന്വിതയ്ക്കും കുടുംബത്തിനും റോഡിന് കുറുകെ കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തിക്കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 19 വയസ്സുകാരനായ ആരോൺ പാപ്പസോഗ്ലുവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്, മരണത്തിന് കാരണമാകുന്ന അപകടം, അനാസ്ഥയോടെ വാഹനമോടിക്കുക, ഭ്രൂണത്തെ നഷ്ടപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഐടി സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തിരുന്ന സാമൻവിത ധരേശ്വറും കുടുംബവും കഴിഞ്ഞ വർഷമാണ് സിഡ്‌നിയിലെ നോർത്ത് വെസ്റ്റിലുള്ള ഗ്രാന്റം ഫാമിൽ ഭൂമി വാങ്ങിയത്. രണ്ട് മാസം മുൻപ്, സെപ്റ്റംബർ എട്ടിന്, ദമ്പതികൾ ബ്ലാക്ക് ടൗൺ സിറ്റി കൗൺസിലിൽ രണ്ട് നില താമസത്തിനായി കെട്ടിട വികസന അപേക്ഷ സമർപ്പിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.