പറക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മണം പരന്നതോടെ ആശങ്കയിലായി യാത്രക്കാര്‍. വിമാനത്തില്‍ നിന്ന് കരിഞ്ഞ മണം വരുന്നുവെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞതിന് പിന്നാലെ എയര്‍ഹോസ്റ്റസുമാരും ആശങ്കയിലായെന്നും എന്താണ് സംഭവിച്ചതെന്ന് വിമാനത്തിലെ ജീവനക്കാര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും യാത്രക്കാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.
പുറത്തുവന്ന വിഡിയോയില്‍ എയര്‍ഹോസ്റ്റസുമാര്‍ ഓവര്‍ഹെഡ് കാബിനുകള്‍ പരിശോധിക്കുന്നതും ആളുകളോട് ആശങ്കപ്പെടേണ്ടതില്ലെന്ന് പറയുന്നതും കാണാം. പുതിയ വിമാനമാണെന്നും ഇത് രണ്ടാമത്തെ പറക്കല്‍ മാത്രമാണെന്നും എയര്‍ഹോസ്റ്റസ് വിവരിക്കുന്നുണ്ട്. എന്നാല്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയേക്കുമെന്ന് കരുതിപ്പോയെന്നും അതിശക്തമായ ഗന്ധമാണ് അനുഭവപ്പെട്ടതെന്നും യാത്രക്കാര്‍ വിശദീകരിക്കുന്നു. അതേസമയം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഭയന്നുപോയെങ്കിലും വിമാനത്തിലെ ജീവനക്കാര്‍ സ്ഥിതി മനോഹരമായി കൈകാര്യം ചെയ്തുവെന്നും ആളുകളെ സമാധാനപ്പെടുത്തിയെന്നും ചിലര്‍ വിഡിയോയ്ക്ക് ചുവടെ കുറിച്ചു. എന്നാല്‍ കൃത്യമായ വിശദീകരണം യാത്രക്കാര്‍ക്ക് നല്‍കാത്തത് തീര്‍ത്തും അണ്‍പ്രഫഷനല്‍ ആയ കാര്യമാണെന്നും കടുത്ത മാനസിക സമ്മര്‍ദമാണ് ഇതേത്തുടര്‍ന്ന് ഉണ്ടായതെന്നും നഷ്ടപരിഹാരം വേണമെന്നും യുവാവ് കുറിച്ചിട്ടുണ്ട്.
എന്നാല്‍ ഭയക്കാനൊന്നുമില്ലെന്നും പുതിയ വിമാനങ്ങളില്‍ ചിലപ്പോള്‍ ഇത്തരത്തിലെ ഗന്ധം അനുഭവപ്പെടാറുണ്ടെന്നും ചിലപ്പോള്‍ പുറത്തെ പുകയാവാമെന്നും അതല്ല എന്‍ജിനില്‍ നിന്ന് വന്നതാകാമെന്ന് വാദിക്കുന്നവരും കുറവല്ല.