മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭാര്യയുടെ മൂക്ക് മുറിച്ചുമാറ്റി യുവാവ്. മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ റാണാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പദൽവ ഗ്രാമത്തിലാണ് സംഭവം. അറസ്റ്റിലായ യുവതിയുടെ ഭർത്താവ് രാകേഷ് ബിൽവാളിനെ കോടതി റിമാൻഡ് ചെയ്തു.
ഗുജറാത്തിൽ രാകേഷിന്റെ ജോലിസ്ഥലത്തിന് സമീപത്തായിരുന്നു ദമ്പതികളും മകനും താമസിച്ചിരുന്നത്. അവിടെവച്ച് ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ദമ്പതികൾ നാട്ടിലേക്ക് തിരിച്ചു. യാത്രാമധ്യേ വിവാഹമോചനത്തെക്കുറിച്ച് താൻ ഭർത്താവിനോട് സംസാരിച്ചിരുന്നുവെന്നും വീട്ടിലെത്തി ബന്ധുക്കളോട് ആലോചിച്ച് തീരുമാനമെടുക്കാമെന്ന് അയാൾ സമ്മതിച്ചിരുന്നുവെന്നും ഇരയായ യുവതി പറഞ്ഞു.
എന്നാൽ, വീട്ടിലെത്തിയ ഉടൻ ഭർത്താവ് തന്നെ വടികൊണ്ട് അടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് മൂക്ക് മുറിച്ചുമാറ്റുകയുമായിരുന്നു. കണ്ടുനിന്ന മകൻ ഉറക്കെ കരഞ്ഞിട്ടും ഭർത്താവ് തന്നെ വെറുതേവിട്ടില്ലെന്നും യുവതി പറഞ്ഞു. 23കാരിയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.