വന്ദേമാതരം, ഏതൊരിന്ത്യക്കാരന്‍റെയും അഭിമാനമുയര്‍ത്തുന്ന ഗാനം. ബങ്കിങ് ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയില്‍ ദേശീയഗീതം പിറവിയെടുത്തിട്ട് ഇന്നേക്ക് 150 വര്‍ഷം. എതിര്‍പ്പുകളും നിരോധനങ്ങളും താണ്ടി ഇന്നും വന്ദേമാതരം തലയുയര്‍ത്തി നില്‍ക്കുന്നു.
‘ഇന്ത്യയെന്ന അമ്മയ്ക്ക് പ്രണാമം...’ രാജ്യത്തെ അമ്മയായും അമ്മയെ ദേവതയായും കണ്ട കവി സങ്കല്‍പം. എഴുതിയത് സംസ്കൃതം കലര്‍ന്ന ബംഗാളിയില്‍ ആണെങ്കിലും ഭാഷയ്ക്കതീതമാണ് വരികള്‍. 1875 ല്‍ എഴുതിയ വന്ദേമാതരം വെളിച്ചംകണ്ടത് ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെതന്നെ 1882 ലെ ആനന്ദമഠ് എന്ന ബംഗാളി നോവലില്‍. ബംഗാളിന്‍റെ ദേശീയഗാനമെന്ന് അരബിന്ദോ വിശേഷിപ്പിച്ച വന്ദേമാതരത്തെ സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിച്ചതും ദേശീയതലത്തിലേക്ക് ഉയര്‍ത്തിയതും സാക്ഷാല്‍ രവീന്ദനാഥ ടാഗോര്‍.
1896 ലെ കോണ്‍ഗ്രസില്‍ ഗാനം ആലപിച്ചു. സ്വാതന്ത്ര്യസമര സേനാനികള്‍ക്കിടയില്‍ അത് ആവേശമായി. പ്രതിഷേധ മാര്‍ച്ചുകളില്‍ വന്ദേമാതരം ഉയര്‍ന്നുകേട്ടു. ബ്രിട്ടീഷുകാര്‍ അസ്വസ്ഥരായി. 1937 ല്‍ നിരോധനം. സമരവീര്യത്തെ പിടിച്ചുനിര്‍ത്താന്‍ അതുമതിയായിരുന്നില്ല. 10 വര്‍ഷത്തിനപ്പുറം ഇന്ത്യ സ്വതന്ത്രയായി. നിരോധനം നീങ്ങി.
1950 ല്‍ ഭരണഘടന അസംബ്ലി ദേശീയഗീതമായി അംഗീകരിച്ചു. അങ്ങനെ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ ജനഗണമനയ്ക്കൊപ്പം തന്നെ അദ്ദേഹം അവതരിപ്പിച്ച വന്ദേമാതരവും അഭിമാനമായി നില്‍ക്കുന്നു. വന്ദേമാതരം ദേശീയഗാനമാക്കണമെന്ന ആവശ്യം ഇന്ന് ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. അതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുമുണ്ട്.