Image credit: x/csrjournal
രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമ്പലത്തില്‍ വച്ച് കൂട്ടുകാരിക്ക് താലിചാര്‍ത്തി 20കാരി. ബംഗാളിലെ സുന്ദര്‍ബന്‍സിലാണ് ഗ്രാമവാസികള്‍ ആഘോഷമായി റിയ (19)യുടെയും രാഖി(20)യുടെയും വിവാഹം നടത്തിയത്. പ്രഫഷനല്‍ നര്‍ത്തകരാണ് റിയയും രാഖിയും. അമ്പലത്തില്‍ വച്ച് നടന്ന നൃത്ത പരിപാടിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി വളര്‍ന്നു. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചുവെന്നും റിയ പറയുന്നു.
സ്നേഹമാണ് വലിയത്. ഇനിയുള്ള കാലമെല്ലാം രാഖിക്കൊപ്പം ജീവിക്കുമെന്നും ഇരു കുടുംബങ്ങളെയും വിവാഹക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും റിയ പറഞ്ഞു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മാവനും അമ്മായിയുമാണ് വളര്‍ത്തിയത്. ഇവര്‍ വിവാഹത്തെ എതിര്‍ത്തു. എന്നാല്‍ രാഖിയുടെ കുടുംബം വിവാഹത്തിന് പിന്തുണ നല്‍കുകയായിരുന്നു. കുടുംബത്തിനൊപ്പം നാട്ടുകാരും കൂടിയതോടെ ആഘോഷമായി മാല ചാര്‍ത്തി. ക്ഷേത്രത്തില്‍ വച്ച് ചടങ്ങുകളും നടത്തി. 'ഇങ്ങനെയൊരു കല്യാണം ഇതുവരെ ഇവിടെ നടന്നിട്ടില്ല. പക്ഷേ ഇവര്‍ക്ക് തമ്മില്‍ നല്ല സ്നേഹമാണ്. അതിലാണല്ലോ കാര്യം. അതുകൊണ്ട് വിവാഹം നടത്താമെന്ന് കരുതി' എന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ബിര്‍ഭൂമിലും രണ്ട് യുവതികള്‍ വിവാഹം കഴിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട നമിതയും സുഷ്മിത ബാനര്‍ജിയുമാണ് അന്ന് വിവാഹം കഴിച്ചത്. മറ്റൊരു സംഭവത്തില്‍ ബസുദേവെന്നയാള്‍ സ്വന്തം ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി കാമുകനെയും വിവാഹം കഴിച്ചു.
സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ ഇതുവരെയും നിയമ വിധേയമാക്കിയിട്ടില്ല. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന് കീഴില്‍ വരില്ലെന്നും സ്വവര്‍ഗ ദമ്പതിമാര്‍ക്ക് സ്പെഷല്‍ മാരേജ് ആക്ട് ബാധകമാവില്ലെന്നും 2023 ഒക്ടോബറില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ വിവാഹം 'നഗരങ്ങളിലെ ആഡംബരം' മാത്രമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അന്ന് വാദിച്ചത്.