Image Credit: AI
ഓഫിസിനുള്ളില്‍ വച്ച് സഹപ്രവര്‍ത്തക അടുത്തിടപഴകുന്നത് കടുത്ത മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്നും രക്ഷപെടാന്‍ എന്താണ് വഴിയെന്നും യുവാവ് റെഡ്ഡിറ്റില്‍. തൊഴില്‍പരമായ കാര്യങ്ങള്‍ സംസാരിക്കാന്‍ വരുമ്പോള്‍ സുഹൃത്ത് കൂടിയായ അവര്‍ പരിധിക്കപ്പുറം തന്നോട് ചേര്‍ന്ന് നില്‍ക്കുകയും ഇരിപ്പുറപ്പിക്കുകയും ചെയ്യുന്നുവെന്നും സ്ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരുമ്പോഴും രേഖകള്‍ കാണിച്ച് സംസാരിക്കേണ്ടി വരുമ്പോഴും പഴ്സനല്‍ സ്പേസ് ലംഘിച്ച് അവര്‍ കടന്നുകയറുന്നുവെന്നാണ് യുവാവിന്‍റെ ധര്‍മസങ്കടം.
'ചിലപ്പോഴൊക്കെ അവരുടെ നെഞ്ച് എന്‍റെ കയ്യിലോ ചുമലിലോ തട്ടുമെന്ന് ഞാന്‍ ഭയന്ന് പോയിട്ടുണ്ട്' എന്നും യുവാവ് കുറിക്കുന്നു. അബദ്ധത്തില്‍ സംഭവിക്കുന്നതല്ല ഇതെന്നും സ്ഥിരമായി തന്‍റെ സഹപ്രവര്‍ത്തക ഇങ്ങനെയാണ് നില്‍ക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. താന്‍ ദീര്‍ഘകാലമായി മറ്റൊരു പ്രണയത്തിലാണെന്നും അത് സഹപ്രവര്‍ത്തകയ്ക്കും അറിവുള്ളതാണെന്നും തൊഴിലിടത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അതിനായുള്ള ഉപദേശം നല്‍കുമോയെന്നുമാണ് യുവാവിന്‍റെ ചോദ്യം.
സഹപ്രവര്‍ത്തകയ്ക്ക് ഒരുപക്ഷേ പഴ്സനല്‍ ബൗണ്ടറികളെ കുറിച്ച് അറിവില്ലാതിരുന്നിട്ടോ, അവര്‍ അതിനെ ഗൗരവമായി എടുക്കാത്തതോ ആകാമെന്നും പക്ഷേ തനിക്കിത് കടുത്ത മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കുന്നതെന്നും തുറന്ന് സംസാരിച്ചാല്‍ നല്ല സുഹൃത്തിനെ നഷ്ടമാകുമോയെന്ന ഭയമുണ്ടെന്നും യുവാവിന്‍റെ കുറിപ്പിലുണ്ട്. എച്ച്.ആര്‍.വിഭാഗത്തില്‍ പോയി സംസാരിച്ചാലോ എന്ന് ആലോചിച്ചുവെന്നും എന്നാല്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നയിക്കുമോയെന്ന് ആശങ്ക ഉയര്‍ന്നുവെന്നും എന്ത് ചെയ്യുമെന്നുമാണ് കുറിപ്പിലെ ചോദ്യം.
ദീര്‍ഘകാലമായി സഹപ്രവര്‍ത്തകയുമായി സൗഹൃദമുണ്ടെന്ന് പറയുന്ന സ്ഥിതിക്ക് തുറന്ന് സംസാരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ സഹപ്രവര്‍ത്തക ഇനി അടുത്തേക്ക് വരുമ്പോള്‍ ഒരു കസേരയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തുവോ എടുത്ത് വച്ച് കുറച്ച് സ്ഥലം ഉണ്ടാക്കിയെടുക്കൂവെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.