ai-generated-image-workplace
  • തൊഴിലിടത്ത് സുരക്ഷ വേണ്ടത് സ്ത്രീകള്‍ക്ക് മാത്രമോ?
  • ഗോരെഗാവിലെ യുവാവിന്‍റെ അനുഭവം ചര്‍ച്ചയാകുന്നു
  • പോഷ് നിയമത്തില്‍ ഭേദഗതിയോ പുതിയ നിയമമോ വേണമെന്ന് ആവശ്യം

തൊഴിലിടത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഏതാണ്ട് മുഴുവനും സ്ത്രീകളുടേതാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ല എന്നതാണ് യാഥാര്‍ഥ്യം. മുംബൈയിലെ ഗോരെഗാവിലുള്ള പ്രമുഖസ്ഥാപനത്തിലെ ജീവനക്കാരന്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ റെഡ്ഢിറ്റില്‍ ഇട്ട പോസ്റ്റ് അതിന് ഉദാഹരണമാണ്. ‘ബോസ്’ (വകുപ്പുമേധാവി) ആണ് ഈ ഇരുപത്തെട്ടുകാരന്‍റെ പ്രശ്നം.

ai-generated-image-office

‘ബോസ് ഒരു സ്ത്രീയാണ്. അവര്‍ ഇടയ്ക്കിടെ കാബിനിലേക്ക് വിളിപ്പിക്കും. ഫയലുകളുമായി കാബിനിലെത്തുമ്പോള്‍ അവരുടെ കസേരയില്‍ നിന്ന് എഴുന്നേറ്റ് അടുത്തുവന്നിരിക്കും. കയ്യിലും തുടയിലുമൊക്കെ സ്പര്‍ശിക്കും. വല്ലാത്ത രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യും.’ ആദ്യമൊക്കെ ഗൗരവത്തിലെടുത്തില്ലെങ്കിലും നിരന്തരമായി കാബിനിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയതോടെ താന്‍ പരിഭ്രമിച്ചെന്ന് യുവാവ് പറയുന്നു.

‘ആറുമാസം മുന്‍പ് മാത്രമാണ് കമ്പനിയില്‍ ജോയിന്‍ ചെയ്തത്. ബോസിന്‍റെ പെരുമാറ്റത്തെക്കുറിച്ച് അടുപ്പമുള്ള ചില സഹപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും അവരാരും പരാതിപ്പെടുന്നതിനെ പിന്തുണച്ചില്ല. ‘നീയും അത് എന്‍ജോയ് ചെയ്യ്’ എന്നാണ് ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത്. ഇന്‍റേണല്‍ ട്രാന്‍സ്ഫറിനെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രതികാരനടപടി ഉണ്ടായേക്കുമെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞു.’ വിവാഹിതയായ സ്ത്രീ ആയതിനാല്‍ അവര്‍ക്ക് പേരുദോഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റെന്തെങ്കിലും പരിഹാരം നിര്‍ദേശിക്കണമെന്നും അഭ്യര്‍ഥിച്ചാണ് റെഡ്ഢിറ്റിലെ കുറിപ്പ്.

ലൈംഗികാതിക്രമം നേരിടുന്നത് പുരുഷനായാലും അത് നിസാരമായെടുക്കരുതെന്നാണ് റെഡ്ഢിറ്റില്‍ കുറിപ്പ് വായിച്ച ഏറെപ്പേരും അഭിപ്രായപ്പെട്ടത്. പ്രശ്നം വഷളാക്കരുതെന്ന് ചിലര്‍ ഉപദേശിച്ചപ്പോള്‍ പ്രായോഗികമായ ചില നിര്‍ദേശങ്ങളും ചിലര്‍ നല്‍കി. പരാതി നല്‍കുംമുന്‍പ് തെളിവ് ശേഖരിക്കാനാണ് ഒരു അഭിഭാഷകന്‍റെ നിര്‍ദേശം. അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റങ്ങളും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വച്ചശേഷം പരാതി നല്‍കാനായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച പോംവഴി. ബോളിവുഡ് ചിത്രം ‘എയ്ത്‌‌രാസു’മായി താരതമ്യം ചെയ്തുള്ള കമന്റുകളും ഉണ്ടായി. ‘ഗേ’ ആയി അഭിനയിക്കാനായിരുന്നു മറ്റൊരാളുടെ നിര്‍ദേശം.

തൊഴിലിടത്തെ ലൈംഗികാതിക്രമം തടയല്‍ നിയമം (POSH) സ്ത്രീകള്‍ക്ക് മാത്രമാണ് പരിഗണന നല്‍കുന്നത് എന്ന വിഷയം പോസ്റ്റിനൊപ്പം വീണ്ടും ചര്‍ച്ചയായി. ഇത് ചൂണ്ടിക്കാട്ടി, ‘മേലുദ്യോഗസ്ഥ അടവുമാറ്റിയാല്‍ താന്‍ പെടും’ എന്നൊരു താക്കീതും കമന്‍റുകളിലൊന്നില്‍ കണ്ടു. 2013ല്‍ കൊണ്ടുവന്ന പോഷ് നിയമപ്രകാരം ശരീരത്തില്‍ സ്പര്‍ശിക്കല്‍ മാത്രമല്ല, ലൈംഗിക ചുവയോടെയുള്ള സംഭാഷണം, ആംഗ്യം കാട്ടല്‍ ഉള്‍പ്പെടെയുള്ളവയും കുറ്റകരമാണ്. എന്നാല്‍ സ്ത്രീകളുടെ പരാതികളാണ് എല്ലായിടത്തും പരിഗണിക്കപ്പെടുക. ലിംഗവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാന്‍ ആവശ്യമായ സംവിധാനങ്ങളും നിയമവ്യവസ്ഥകളും നടപ്പാക്കണമെന്ന് ഒട്ടേറെപ്പേര്‍ റെഡ്ഡിറ്റില്‍ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

A 28-year-old man from Mumbai recently posted on Reddit seeking advice on how to handle sexual harassment from his female boss. He described how she would call him into her cabin, touch him inappropriately, and make him feel uncomfortable. The man felt helpless as his colleagues were unsupportive, with one even advising him to "enjoy it," and he feared retaliation if he sought an internal transfer. On Reddit, users advised him to take the issue seriously, with one lawyer suggesting he gather evidence, such as recordings, before filing a formal complaint. The post also ignited a wider conversation about India's Prevention of Sexual Harassment (POSH) Act, with many arguing for gender-neutral laws to ensure a safe work environment for everyone.