പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവാദം ചൂടുപിടിക്കുമ്പോഴും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് തമിഴ്‌നാട്. എൻഇപി അംഗീകരിക്കില്ലെന്ന് പറഞ്ഞ തമിഴ്‌നാട് സർക്കാർ സ്വന്തം വിദ്യാഭ്യാസനയം പ്രഖ്യാപിച്ച് കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം തുടരുകയാണ്.
തമിഴ്‌നാടിന്റെ ഈ നിലപാടിന് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. തമിഴ്‌നാട് സന്ദർശിച്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, സമഗ്രശിക്ഷാ പദ്ധതിക്ക് കീഴിൽ കുടിശികയുള്ള ഫണ്ട് നൽകണമെങ്കിൽ സംസ്ഥാനം എൻഇപി പൂർണമായും അംഗീകരിക്കണമന്ന നിലപാട് എടുത്തിട്ടും തമിഴ്‌നാട് കുലുങ്ങിയിട്ടില്ല.
എൻഇപിയുടെ പ്രധാന നിബന്ധനകളോടുള്ള എതിർപ്പ് തുടരുന്ന തമിഴ്‌നാട് കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചാണ് പല ഫണ്ടുകളും നേടിയെടുത്ത്. ദേശീയ നയത്തിലെ ത്രിഭാഷാ നയമാണ് എതിർക്കുന്ന പ്രധാന വിഷയം. ഏത് ഇന്ത്യൻ ഭാഷയും മൂന്നാം ഭാഷയായി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എൻഇപിയിലുണ്ടെങ്കിലും ഹിന്ദി പഠിക്കേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്രമന്ത്രിമാർ പരസ്യമായി ഊന്നിപ്പറയുന്നത് ത്രിഭാഷാനയം വഴി ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള തന്ത്രമാണെന്ന് തമിഴ്‌നാട് കരുതുന്നു.
സമഗ്രശിക്ഷ അഭിയാനിൽ തമിഴ്‌നാടിന് കിട്ടേണ്ട 2,151 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചത്. ആർടിഇ ഫണ്ട് പോലും സുപ്രീംകോടതിയെ സമീപിച്ചാണ് തമിഴ്‌നാട് നേടിയെടുത്തത്.
അധ്യാപക ശമ്പളം, വിദ്യാർഥികളുടെ വിവധ ക്ഷേമ- വിദ്യാഭ്യാസ പരിപാടികൾ, സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി സ്വന്തം പണമാണ് നിലവിൽ തമിഴ്‌നാട് ചെലവഴിക്കുന്നത്. ഡൽഹി ഹൈക്കോടതി റിട്ട. ജസ്റ്റിസ് ഡി.മുരുകേശൻ്റെ നേത്യത്വത്തിലുള്ള ഒരു സമിതി സംസ്ഥാന വിദ്യാഭ്യാസ നയം തയാറാക്കി കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയിരുന്നു.
തമിഴ്‌നാട്ടിൽ നിലവിലുള്ള ദ്വിഭാഷ സമ്പ്രദായത്തെ പിന്തുണയ്ക്കുന്ന നയമാണിത്. എല്ലാ സ്‌കൂളുകളിലും തമിഴും ഇംഗ്ലീഷും നിർബന്ധിത വിഷയങ്ങൾ. എഐ. ഡേറ്റ സയൻസ്, റോബോട്ടിക്‌സ് തുടങ്ങിയ വിഷയങ്ങൾക്കും ഇത് മുൻഗണന നൽകുന്നു.