ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ പ്രഖ്യാപനങ്ങളുമായി എന്‍.ഡി.എ. പ്രകടന പത്രിക. ഒരുകോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കയ്യിലെടുക്കാനുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്. 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികില്‍സ, കര്‍ഷകര്‍ക്ക് വര്‍ഷം 3000 രൂപ നല്‍കുന്ന കര്‍പ്പൂരി ഠാക്കൂര്‍ കിസാന്‍ സമ്മാന്‍ നിധി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.
മഹിള തൊഴില്‍ പദ്ധതിക്കു കീഴില്‍ സംരംഭങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം. എല്ലാ ജില്ലകളിലും നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അതി പിന്നോക്ക വിഭാഗത്തില്‍ ഉള്ളവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം എന്നിവയും വാഗ്ദാനം ചെയ്യുന്നു.
3600 കിലോമീറ്റര്‍ റെയില്‍വെ ട്രാക് നവീകരണം, പുതിയ എക്സ്പ്രസ് വേകള്‍, നാലു നഗരങ്ങളില്‍ കൂടി മെട്രോ റെയില്‍, നാല് പുതിയ രാജ്യാന്തര വിമാനത്താവളങ്ങള്‍ എന്നിവ അടിസ്ഥാന സൗകര്യ മേഖലയിലെ എന്‍.ഡി.എയുടെ വാഗ്ദാനമാണ്. സീതാ ദേവിയുടെ ജന്‍മസ്ഥലമായ സീതാമറിയില്‍ ആധ്യാത്മിക നഗരം സ്ഥാപിക്കുമെന്നും എന്‍.ഡി.എ ഉറപ്പുനല്‍കുന്നു.
മഹാസഖ്യത്തിന്‍റെ വാഗ്ദാനങ്ങള്‍ പകര്‍ത്തുകയാണ് എന്‍.ഡി.എ ചെയ്തതെന്ന് ആര്‍.ജെ.ഡി കുറ്റപ്പെടുത്തി. പ്രകടന പത്രികയ്ക്കു പകരം പ്രവര്‍ത്തന റിപ്പോര്‍ട്ടായിരുന്നു എന്‍.ഡി.എ പുറത്തിറക്കേണ്ടതെന്ന് ജന്‍ സ്വരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ പറഞ്ഞു.