ട്വന്‍റി ട്വന്‍റി എന്‍ഡിഎയില്‍ ചേര്‍ന്നത് പാര്‍ട്ടി പ്രസിഡന്‍റ് സാബു എം ജേക്കബിന്‍റെ കമ്പനിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനിടെയെന്ന് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ സമ്മര്‍ദ്ദത്തിന് സാബു എം ജേക്കബ് വഴങ്ങുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സാബു എം ജേക്കബിന്‍റെ കമ്പനിക്കെതിരെ ഇഡി രണ്ടു തവണ നോട്ടിസ് നല്‍കിയിരുന്നു.
സാബു എം ജേക്കബിന്‍റെ കിറ്റെക്സ് ഗ്രൂപ്പിനെതിരെ വിദേശ നാണ്യവിനിമയ ചട്ടലംഘനത്തിനാണ് ഇഡി കേസെടുത്തത്.അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് തവണ ഇഡി നോട്ടിസ് അയച്ചു. സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് ഇഡി ഓഫിസിലെത്തിയത്. ഇഡിയുടെ കുരുക്ക് മുറുകുന്നതിനിടെയാണ് സാബു ജേക്കബ് പ്രസിഡന്‍റ് ആയ ട്വന്‍റി ട്വന്‍റിയുടെ എന്‍ഡിഎ പ്രവേശനം.
എന്‍ഡിഎ പ്രവേശനത്തെച്ചൊല്ലി ട്വന്‍റി ട്വന്‍റിയില്‍ പൊട്ടിത്തെറി ഉടലെടുത്തു. ഒരുവിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്ക് പോയി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അടക്കം ട്വന്‍റി ട്വന്‍റിയില്‍ നിന്ന് കൂടുതല്‍ പേരെത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. ജനുവരി 22നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച് സാബു എം ജേക്കബ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്‍റിക്ക് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു.