ബ്രിട്ടീഷ് യൂട്യൂബർ സാം പെപ്പർ ഇന്ത്യ സന്ദർശിക്കുന്നതിനിടെ നടത്തിയ ഒരു പടക്കം എറിയൽ സ്റ്റണ്ടിൽ എട്ട് വയസ്സുള്ള പെൺകുട്ടിക്ക് പരിക്ക്. ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ന്യൂഡൽഹിയിൽ വെച്ചാണ് സംഭവം നടന്നത്. തന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയിൽ യൂട്യൂബർ പരസ്യമായി മാപ്പ് പറഞ്ഞു. വീഡിയോ ഷൂട്ടിൻ്റെ ഭാഗമായി പെപ്പർ ഒരുകൂട്ടം ആളുകൾക്ക് നേരെ റോക്കറ്റ് പടക്കങ്ങൾ എറിയുകയായിരുന്നു. ഈ പടക്കങ്ങളിൽ ഒന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് വീഴുകയും പൊള്ളൽ ഏൽക്കുകയും ആയിരുന്നു.
ദൃശ്യങ്ങളിൽ സംഭവത്തിന് ദൃക്സാക്ഷികളായവർ കുട്ടിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു എന്ന് ആരോപിക്കുന്നത് കാണാം. എന്നാൽ, അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് പറയുകയും അപകടം പർവ്വതീകരിച്ചു കാണിക്കുകയാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്. അതേസമയം തൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ, പെപ്പർ ഖേദം പ്രകടിപ്പിക്കുകയും അത്തരമൊരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പ് കൂടുതൽ ശ്രദ്ധയോടെ ചിന്തിച്ചില്ല എന്ന് പറയുകയും ചെയ്തു. താൻ വരുത്തിയ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പെപ്പർ, പരിക്കുപറ്റിയ പെൺകുട്ടിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. കുട്ടിയുടെ ചികിത്സാ ചെലവുകൾ വഹിച്ചതായും പറയുന്നു.