തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാട്ടിനെതിരെ പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ചാണ് ഡിജിപിക്ക് പരാതി ലഭിച്ചത്. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതിക്കാര്‍. പാട്ട് പിന്‍വലിക്കണമെന്ന് സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു. അയ്യപ്പ സേവാ സംഘത്തിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റുകൂടിയാണ് പ്രസാദ്.
പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണം, രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്‍റെ പേര് ഉപയോഗിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ അപമാനിക്കുന്നതും നിന്ദിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പരാതി.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിന് മുൻപന്തിയിൽ നിന്ന ഗാനമായിരുന്നു ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ’ എന്ന പാരഡി ഗാനം. ഡാനിഷ് മുഹമ്മദാണ് ഗാനം ആലപിച്ചത്. മലപ്പുറംകാരായ സുബൈർ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം. ജി.പി ചാലപ്പുറമാണ് രചയിതാവ്.