സ്ലീപ്പര്‍ കോച്ചില്‍ റിസര്‍വ് ചെയ്ത സീറ്റ് ജനറല്‍ ടിക്കറ്റുകാര്‍ കയ്യടക്കുന്നത് ഇപ്പോള്‍ പുതിയ കാര്യമല്ലാതായിട്ടുണ്ട്. മലയാളി യാത്രക്കാരി പങ്കുവച്ച വിഡിയോ ഉത്തരേന്ത്യന്‍ ട്രെയിന്‍ യാത്രയുടെ സാഹസികത എടുത്തു പറയുന്നതാണ്. ബെര്‍ത്തില്‍ കിടന്ന് ഉറങ്ങുന്നതിനിടെ വലിഞ്ഞുകയറി സീറ്റുറപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളെന്നാണ് വിഡിയോയിലുള്ളത്.
നേഹ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. തിരക്കുള്ള ട്രെയിനില്‍ പലതവണയായി നേഹയുടെ റിസര്‍വ് ചെയ്ത സീറ്റ് യാത്രക്കാര്‍ കയ്യടക്കിയത് കാണാം. ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലാ എന്നും വിഡിയോയിലുണ്ട്.
ഉറങ്ങി കിടക്കുന്നതിനിടെ യാത്രക്കാരിലൊരാള്‍ ബര്‍ത്തിലേക്ക് വലിഞ്ഞു കയറിയ അനുഭവവും നേഹ വിഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ''രാത്രി ഉറങ്ങുന്നതിനിടെ കാലില്‍ തട്ടി. നോക്കിയപ്പോള്‍ ഒരാള്‍ ബര്‍ത്തിലേക്ക് വലിഞ്ഞു കയറുകയാണ്. ഉറങ്ങികിടക്കുകയായിരുന്നു. നാല് മണിയോടെയാണ്. ഏതോ ഒരാള്‍ ചാടി ഇവിടെ വന്നിരിക്കുന്നു'' എന്നാണ് വിഡിയോയിലുള്ളത്. പലതവണ പരാതി നല്‍കിയെങ്കിലും ആരും എത്തിയില്ലെന്നും ടിക്കറ്റ് പരിശോധനയ്ക്ക് വന്ന ടിടിഇ ഇടപെട്ടാണ് സീറ്റ് ലഭിച്ചതെന്നും നേഹ പറയുന്നു.
മറ്റൊരു വിഡിയോയില്‍ അവസാനം തനിക്ക് സീറ്റ് ലഭിച്ചെന്നും ഉത്തരേന്ത്യയിലേക്ക് യാത്ര തിരിക്കും മുന്‍പ് എന്തും നേരിടാന്‍ തയ്യാറാകണമെന്നും നേഹ പറയുന്നുണ്ട്. ''കേസെടുക്കും ജയിലിലായിരുന്നു എന്ന് ടിടിഇ പറഞ്ഞതോടെയാണ് സീറ്റില്‍ നിന്നും പലരും മാറിയത്. സീസണാണ്, തിരക്കുണ്ടാകും, സഹകരിക്കണം എന്ന് ടിടിഇ പറഞ്ഞു. ചില കാര്യങ്ങള്‍ സഹിക്കാനാകില്ല. അടുത്ത് വന്നിരിക്കുന്നതും കിടക്കുന്നതിനും. അതിനല്ല ടിക്കറ്റ് ബുക്ക് ചെയ്യുന്നത്'' എന്നും വിഡിയോയിലുണ്ട്.
പുരുഷന്മാരെ പൂര്‍ണമായും കുറ്റപ്പെടുത്തുന്നില്ല. അവര്‍ക്ക് മോശം ഉദ്ദേശങ്ങളുണ്ടാകണമെന്നില്ല. ചിലരുടെ വിചിത്രമായ നോട്ടവും അവരുടെ സാന്നിധ്യവും ശരീരഭാഷയും എന്നെ അസ്വസ്ഥയാക്കുന്നുവെന്നും നേഹ വിഡിയോയുടെ തലക്കെട്ടായി എഴുതി.