Ai generated image
ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയും മുളകുപൊടിയും ഒഴിച്ച് ഭാര്യ. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ ദിനേശിനെയാണ് ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്നു മണിയോടെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്.
'ഭാര്യയും മകളും സമീപത്ത് ഉറങ്ങുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെ ശരീരത്തിൽ പൊള്ളലും വേദനയും അനുഭവപ്പെട്ടു. നോക്കിയപ്പോൾ ഭാര്യ എഴുന്നേറ്റുനിന്ന് എന്റെ ശരീരത്തിലേക്കും മുഖത്തേക്കും തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഞാൻ എഴുന്നേൽക്കുകയോ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുന്നതിനുമുമ്പ്, അവൾ എന്റെ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകുപൊടി വിതറി.' ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.
നെഞ്ചിലും മുഖത്തും കൈകളിലും ആഴത്തിൽ പൊള്ളലേറ്റത് കണ്ട് ഡോക്ടർമാർ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. എട്ട് വർഷം മുൻപ് വിവാഹിതരായ തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ദിനേശ് പറയുന്നു. രണ്ട് വർഷം മുൻപ്, ഇയാളുടെ ഭാര്യ ക്രൈം എഗെയ്ൻസ്റ്റ് വിമൻ (സിഎഡബ്ല്യു) സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.