land-viral

കാബൂളിലെ വിമാനത്താവളത്തിലെ സര്‍വ സുരക്ഷാ ഏജന്‍സികളുടേയും കണ്ണുവെട്ടിച്ച് ഒരു ബാലന്‍ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ലോകം അമ്പരന്നു. വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറില്‍ കയറിയിരുന്നായിരുന്നു ആ അപകടയാത്ര. സ്റ്റോവേ എന്നാണ് ഇതിന്‍റെ വ്യോമയാനമേഖലയില്‍ വിളിക്കുന്ന പേര്. കഷ്ടിച്ച് ഒരാള്‍ക്ക് ഇരിക്കാനുള്ള സ്പേസ് ഈ ഭാഗത്തുണ്ടാകും. സാങ്കേതികവിദ്യയേയും സുരക്ഷയെയും കാലാവസ്ഥയെയുമെല്ലാം വെല്ലുവിളിക്കുന്ന ലാന്‍ഡിങ് ഗിയര്‍ യാത്ര എന്തുകൊണ്ട് പാടില്ല... അറിയാം അപകടങ്ങള്‍.

തീരെ കുറഞ്ഞ താപനില

30,000–40,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിനു പുറത്ത് താപനില മൈനസ് അന്‍പത് ഡിഗ്രി സെല്‍സിയസ് വരെ കുറയാം. അത്തരം അവസ്ഥയില്‍പ്പെട്ടാല്‍ ‘ഹൈപ്പോതെർമിയ’അഥവാ (ശരീരതാപനില ഒറ്റയടിക്ക് താഴുന്ന അവസ്ഥ) സംഭവിച്ച് ജീവൻ അപകടത്തിലാകും.

ഓക്സിജൻ കുറവ് (ഹൈപോക്സിയ)

ഉയരത്തിൽ വായുവിൽ ഓക്സിജന്റെ അളവ് വളരെ കുറവായതിനാൽ വേണ്ടത്ര ശ്വാസവും ഓക്സിജനും ലഭിക്കാതെ ബോധക്ഷയം സംഭവിക്കും

വായു സമ്മർദ്ദം (ലോ പ്രഷർ)

സമ്മർദ്ദം കുറഞ്ഞതിനാൽ ചെവിയിലും ശ്വാസകോശത്തിലും രക്തക്കുഴലുകളിലും അതിഭീകരമായ അസ്വസ്ഥത ഉണ്ടാകും.

കടുത്ത ശബ്ദവും കാറ്റിന്റെ ശക്തിയും

എൻജിൻ ശബ്ദവും കാറ്റിന്റെ ആഘാതവും അസഹനീയമാണ്. അധികനേരം മനുഷ്യര്‍ക്ക് താങ്ങാനാകില്ല.

വീഴ്ചയുടെ ഭീഷണി

ലാൻഡിങ് ഗിയർ തുറക്കുകയോ അടയ്ക്കുകയോ ചെയ്യുന്ന സമയത്ത് യാത്രക്കാരന്‍ പുറത്തേക്ക് തള്ളിപ്പോകാൻ ഇടയാകും.

മെക്കാനിക്കൽ അപകടങ്ങൾ

ഗിയർ ചലിക്കുന്നതിനാൽ ഇടിച്ചു പരിക്കേൽക്കാനും കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്.

ലോകത്ത് ലാന്‍ഡിങ് ഗിയറില്‍ യാത്ര ചെയ്ത് അതിജീവിച്ച അപൂര്‍വസംഭവങ്ങളുണ്ട്. അര്‍മാന്‍ന്റോ സൊകാരസ് റമിറേസ് എന്ന പതിനേഴുകാരന്‍ 1969ല്‍ ക്യൂബയിലെ ഹവാനയിൽ നിന്ന് മഡ്രിഡിലേക്ക് DC-8 വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചു യാത്ര ചെയ്തു. 8 മണിക്കൂറിലേറെ പറന്ന റമിറേസ്  അത്ഭുതകരമായി രക്ഷപ്പെട്ടു. അവനെ ക്യൂബ പിന്നീട് ‘മിറക്കിൾ ബോയ്’ എന്ന് വിളിച്ചു. 

1970ല്‍ 14 വയസുള്ള കെയ്ത് സാപ്ഫോര്‍ഡ് എന്ന ഓസ്ട്രേലിയൻ ബാലൻ സിഡ്നിയിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ ഒളിച്ചുകയറി. മിനിറ്റുകൾക്കുള്ളിൽ ഗിയർ തുറന്നപ്പോൾ 200 അടി ഉയരത്തിൽ നിന്ന് താഴെവീണ് ദാരുണമായി മരിച്ചു.

2000ല്‍ ഫിദല്‍ മാരുഹി എന്ന പത്തൊന്‍പതുകാരന്‍ താഹിതിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ ഒളിച്ചു. ഏഴര മണിക്കൂർ യാത്രയ്ക്ക് ശേഷം ലോസ് ഏഞ്ചൽസിൽ ജീവനോടെ ഇറങ്ങി. ഹൈപ്പോതെർമിയയും ഓക്സിജൻ കുറവും മൂലം തീര്‍ത്തും അവശനായിരുന്നു. വിദഗ്ധചികിത്സ ലഭിച്ചതിനാല്‍ രക്ഷപ്പെട്ടു. ലാൻഡിങ് ഗിയറിൽ ഒളിച്ചിരിക്കുന്നവരിൽ 70മുതല്‍ 80ശതമാനംവരെ പേരും ഓക്സിജൻ കുറവ്, തണുപ്പ്, വീഴ്ച എന്നിവ മൂലമാണ് മരിക്കുന്നത്. രക്ഷപ്പെട്ടവരെ അദ്ഭുത മനുഷ്യരായാണ് ലോകം പിന്നീട് കണ്ടത്. 

ക്യൂബക്കാരനായ അര്‍മാന്‍ഡോ പങ്കുവച്ച യാത്രാനുഭവം ഭീകരമായിരുന്നു. യാത്രയ്ക്കിടെ കുളിരും ഇരുട്ടും മാത്രമാണ് ഓര്‍മയുണ്ടായിരുന്നത്. മരിക്കുമെന്ന് തോന്നി. ബോധം പോയെന്ന് കണ്ണുതുറന്നപ്പോള്‍ മനസിലായി. ബോധരഹിതനായതോടെ ശരീരത്തിന് വലിയ എനര്‍ജി ആവശ്യമില്ലാതെ വന്നതാണ് രക്ഷപ്പെടാന്‍ കാരണണമെന്ന് ഡോക്ടര്‍മാര്‍  പറഞ്ഞു. ശരീരം തണുക്കുമ്പോള്‍ മെറ്റബോളിസം വളരെ കുറയുന്നു. ഇതിലൂടെ ഓക്സിജന്‍ ആവശ്യവും കുറയുന്നു. ഇത്രയും വെല്ലുവിളികളെ അതിജീവിച്ചതോടെയാണ് അവനെ മിറക്കിള്‍ ബോയ് എന്ന് ക്യൂബ വിശേഷിപ്പിച്ചത്.  

ഇന്ത്യക്കാരായ സഹോദരങ്ങളും മുന്‍പ് ലണ്ടന്‍ വരെ ലാന്‍ഡിങ് ഗിയറിലിരുന്ന് യാത്ര ചെയ്തിട്ടുണ്ട്. ലണ്ടനിലിറങ്ങിയെങ്കിലും അവരിലൊരാള്‍ മാത്രമേ അതിജീവിച്ചുള്ളൂ. സാഹസികയാത്രക്കുള്ള മാനസികാവസ്ഥയും ലക്ഷ്യവും ശക്തമായതുകൊണ്ടുകൂടിയാകും ഇത്തരം യാത്ര ചെയ്യുന്ന ചിലരെങ്കിലും രക്ഷപ്പെടുന്നതെന്നാണ് വിദഗ്ധവിലയിരുത്തല്‍. 

ENGLISH SUMMARY:

Landing gear travel is extremely dangerous and often fatal. It involves risks such as extreme cold, lack of oxygen, and the possibility of falling, making survival rare and considered miraculous.