ക്ലാസ് സമയത്ത് വിദ്യാര്‍ഥിയെ കൊണ്ട് കാല്‍ തിരുമ്മിച്ച അധ്യാപികയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ഭോപ്പാലിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് നാലാംക്ലാസുകാരനെ കൊണ്ട് കാല്‍ തിരുമ്മിച്ചത്.
ക്ലാസ് മുറിയിൽ തറയിലിരുന്നാണ് വിദ്യാര്‍ഥകള്‍ പഠിക്കുന്നത്. ആവശ്യത്തിനുള്ള ബെഞ്ചുകളോ ഇരിപ്പിടങ്ങളോ ക്ലാസിലില്ല. ഇതേക്ലാസില്‍ കസേരയിലിരിക്കുന്ന അധ്യാപിക കാൽ നീട്ടികൊടുത്ത് നാലാം ക്ലാസ്സുകാരനെക്കൊണ്ട് കാലു തിരുമ്മിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വിഡിയോ ഫോണില്‍ പകർത്തി. വിഡിയോ റെക്കോർഡ് ചെയ്യുന്ന കാര്യം മനസ്സിലാക്കിയ അധ്യാപിക ഉടന്‍ കാല്‍ പിന്നോട്ട് വലിക്കുകയും കുട്ടിയെ മടക്കിഅയയ്ക്കുകയും ചെയ്തു.
ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്കും ചോദ്യങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപകർ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലെ വൈരുധ്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളില്‍ വിടുന്നത് നല്ല വിദ്യാഭ്യാസം ലഭിക്കാനും, മൂല്യങ്ങള്‍ വളര്‍ത്തിയെടുത്ത് നല്ല പൗരന്‍മാരായി വളരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ്. അധ്യാപകര്‍ തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധിക്കുന്നത് കുട്ടികളടുടെ മാനസിക നിലയെ മോശമായി സ്വാധീനിക്കുമെന്നാണ് വിഡിയോ കണ്ട പലരും ആശങ്കപ്പെടുന്നത്