ഉദ്ഘാടനത്തിനെത്തിയില്ല എന്ന പരിഭവം മാറ്റാൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനത്തെത്തി വയനാട് എം.പി പ്രിയങ്ക ഗാന്ധി. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് പറഞ്ഞ പ്രിയങ്ക ക്ഷമ ചോദിച്ചു. കോൺഗ്രസ് എംപിമാരും എൻ കെ പ്രേമചന്ദ്രൻ എംപിയും ഒപ്പമുണ്ടായിരുന്നു.
ഡൽഹി ദരിയഗഞ്ചിലെ മുസ്‌ലിം ലീഗ് ആസ്ഥാനത്തേക്ക് നാലുമണിയോടെയാണ് പ്രിയങ്ക ഗാന്ധി എത്തിയത്. ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള എം പി മാരും ചേർന്ന് ഓഫീസിലേക്ക് ആനയിച്ചു. ആഗസ്റ്റ് 24ന് നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിൽ നേതാക്കളോട് പ്രിയങ്ക ക്ഷമാപണം നടത്തി.
ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് എത്താൻ കഴിയാതിരുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ മാത്രണ് വോട്ടർ അധികാർ യാത്രയിൽ പങ്കെടുത്തത്. മികച്ച ഓഫീസെന്നും പ്രിയങ്ക പറഞ്ഞു. ഓൺലൈനായി സംസാരിച്ച ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കാദർ മൊയ്തീൻ എന്നിവരോടും പ്രിയങ്കാ ഗാന്ധി ഉദ്ഘാടനത്തിന് വരാത്തതിൻ്റെ കാരണം വിശദീകരിച്ചു. മുസ്‌ലിം ലീഗിന്റെ ചരിത്രം പറയുന്നതും വയനാട് പുനരധിവാസം പകർത്തിയതുമായ രണ്ട് ചെറു ഡോക്യുമെന്ററികളും പ്രിയങ്ക കണ്ടു.