വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആക്ഷേപിച്ചതില്‍ വ്യാപക പ്രതിഷേധവുമായി ബി.ജെ.പി. രാഹുല്‍ ഗാന്ധി മോദിയോടും രാജ്യത്തോടും മാപ്പുപറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. പട്നയില്‍ ബി.ജെ.പി.– കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അധിക്ഷേപ പരാമര്‍ശം നടത്തിയ ഒരാളെ ബിഹാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പട്നയിലെ കോണ്‍ഗ്രസ് ഓഫിസിലേക്ക് ബി.ജെ.പി. നടത്തിയ മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. പാര്‍ട്ടി പതാകളുമായി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് സ്ഥിതി ശാന്തമാക്കിയത്. പൊറുക്കാനാവാത്ത തെറ്റാണ് കോണ്‍ഗ്രസ് ചെയ്തതെന്നും രാജ്യം മാപ്പുനല്‍കില്ലെന്നും അസമിലെ പൊതുപരിപാടിയില്‍ പങ്കെടുക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സോണിയ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ളവര്‍ മോദിയെ അധിക്ഷേപിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ളവരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മോദിയുടെ അമ്മയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുഹമ്മദ് റിസ്‌വാന്‍ എന്നയാളെയാണ് ദര്‍ഭംഗ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.