online-luiq

TOPICS COVERED

കേരളത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള നീക്കം വിവാദമായിരിക്കുകയാണ്. എന്നാല്‍  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴി നടക്കുന്നുണ്ട്.  നിലവില്‍ ബംഗാളിലും ഒഡീഷയിലുമാണ് ഓണ്‍ലൈന്‍ മദ്യവില്‍പനയുള്ളത്. ഓണ്‍ലൈന്‍ ഡെലിവറി ആരംഭിച്ചതോടെ വില്‍പനയില്‍ 20 മുതല്‍ 30 ശതമാനം വരെ വളര്‍ച്ചയുണ്ടായെന്ന് വ്യാപാരികള്‍ പറയുന്നു. 

കോവിഡ് കാലത്ത് ലോക്ഡൗണ്‍  വന്നപ്പോഴാണ് രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ മദ്യവില്‍പന തുടങ്ങിയത്. ഒഡീഷ, ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ്   അനുമതി ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ മറ്റ് സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പന നിര്‍ത്തിയെങ്കിലും ഒഡീഷയും ബംഗാളും വിപുലപ്പെടുത്തുകയാണ് ചെയ്തത്. 

രണ്ടുസംസ്ഥാനത്തും ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി ആപ്പുകള്‍ വഴിയോ ബിവറേജസ് കോര്‍പറേഷന്‍റെ സൈറ്റ് വഴിയോ മദ്യം ഓര്‍ഡര്‍ചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ വീട്ടിലെത്തും. ദുരുപയോഗം തടയാന്‍ കര്‍ശന ഉപാധികളുമുണ്ട്. ആപ്പുകളിലായാലും വെബ്സൈറ്റിലായാലും ആദ്യം പ്രായം തെളിയിക്കണം. ഇതിനായി ഫോട്ടോപതിച്ച തിരിച്ചറിയില്‍ രേഖ അപ്‌ലോഡ് ചെയ്യണം. 

ഓര്‍ഡര്‍ ചെയ്യുന്ന സമയത്ത് ഒരു സെല്‍ഫി കൂടി അപ്‌ലോഡ് ചെയ്താലെ മദ്യം ലഭിക്കു. ബംഗാളില്‍ ഒന്നരലക്ഷത്തിലധികം പേര്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ബിവറേജസ് കോര്‍പറേഷനില്‍നിന്ന് മാത്രമല്ല സ്വകാര്യ മദ്യവില്‍പന ശാലകളില്‍ നിന്നുള്ള മദ്യവും ഓണ്‍ലൈനില്‍ ലഭിക്കും. വെബ്സൈറ്റില്‍ ഓരോ ജില്ലയിലെയും മദ്യവില്‍പന ശാലകള്‍, അവിടെ ലഭ്യമായ ബ്രാന്‍ഡുകള്‍, വില എന്നിവയെല്ലാം പരിശോധിക്കാം. ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ മദ്യവില്‍പന പരിഗണിച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല.

ENGLISH SUMMARY:

Online liquor sales are currently active in some Indian states. This article discusses the states where online alcohol delivery is permitted and the processes involved.